t

തിരുവനന്തപുരം: സംസ്ഥാനത്തെ 72 സബ് രജിസ്ട്രാർ ഓഫീസുകളിൽ ഓപ്പറേഷൻ 'സെക്വർ ലാൻഡ്' എന്ന പേരിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. ആധാരം രജിസ്​റ്റർ ചെയ്യുന്നതിനും മറ്റ് സേവനങ്ങൾക്കും ആധാരമെഴുത്തുകാർ വഴി അടക്കം ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്നതായി വിജിലൻസ് ഡയറക്ടർക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇന്നലെ വൈകിട്ട് നാലു മുതൽ പരിശോധന. വ്യാപക ക്രമക്കേടുകൾ കണ്ടെത്തിയതായാണ് സൂചന.

ആധാരം രജിസ്‌ട്രേഷനടക്കം വിവിധ സേവനങ്ങൾക്ക്, ഉദ്യോഗസ്ഥർ ആധാരമെഴുത്തുകാരെ ഏജന്റുമാരാക്കി കൈക്കൂലി വാങ്ങുന്നതായാണ് വിവരം. വസ്തു രജിസ്‌ട്രേഷനായി ആധാരം എഴുത്തുകാരെ സമീപിക്കുന്നവരിൽ നിന്ന് എഴുത്തുകൂലിക്ക് പുറമേ കൂടുതൽ പണം വാങ്ങി ഉദ്യോഗസ്ഥർക്ക് നൽകുന്നതായും ഫെയർവാല്യു നിശ്ചയിച്ചിട്ടില്ലാത്ത വസ്തുക്കളുടെ രജിസ്ട്രേഷന് വില കുറച്ചു കാട്ടുന്നതായും വിജിലൻസിന് വിവരം കിട്ടിയിരുന്നു.

റവന്യൂ ജില്ലയിലെ ഏത് സബ് രജിസ്ട്രാർ ഓഫീസിലും ഭൂമി രജിസ്ട്രേഷൻ നടത്താമെന്നതും അഴിമതിക്കാർ മുതലെടുക്കുന്നു. ഇതിന്റെ മറവിൽ ഫ്ളാ​റ്റുകളും മ​റ്റും വില കുറച്ച് കാട്ടി രജിസ്ട്രേഷൻ ഫീസ്, സ്റ്രാമ്പ് ഡ്യൂട്ടി ഇനത്തിൽ വൻ വെട്ടിപ്പ് നടക്കുന്നുണ്ട്.