മുട്ടത്തറയിൽ 332 ഫ്ളാറ്റുകളുടെ താക്കോൽ മുഖ്യമന്ത്രി കൈമാറി
തിരുവനന്തപുരം: കടലെടുത്ത കൂര, വർഷങ്ങളായി ഗോഡൗണുകളിൽ താമസം. ഇനിമുതൽ അവർ അന്തിയുറങ്ങുന്നത് ആധുനിക സൗകര്യങ്ങളുള്ള വീട്ടിൽ. വീട് നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികൾക്ക് മുട്ടത്തറയിൽ പുനർഗേഹം പദ്ധതിവഴി നിർമ്മിച്ച 332 ഫ്ളാറ്റുകളുടെ താക്കോൽദാനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.
രണ്ട് റൂമുകൾ,ഒരു അടുക്കള,രണ്ട് ഹാൾ,ഒരു ടോയ്ലെറ്റ് അടക്കം ആധുനിക രീതിയിലാണ് ഫ്ളാറ്റ് നിർമ്മിച്ചത്. ഓരോ ഫ്ലാറ്റിനും 20 ലക്ഷം രൂപയാണ് ചെലവ്. അപ്രോച്ച് റോഡ്,ഇന്റർലോക്ക് പാതകൾ,സ്വീവേജ് സംവിധാനം,മറ്റ് അനുബന്ധ സൗകര്യങ്ങൾ എന്നിവയുമുണ്ട്. പൂർണമായും സംസ്ഥാന സർക്കാരിന്റെ ചെലവിലൊരുങ്ങുന്ന പദ്ധതിക്കായി 81 കോടി രൂപയാണ് അനുവദിച്ചത്.
ഹാർബർ എൻജിനിയറിംഗ് വകുപ്പിന്റെ നിർവഹണ മേൽനോട്ടത്തിൽ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്കായിരുന്നു നിർമ്മാണച്ചുമതല. മുട്ടത്തറയിലെ സ്വീവേജ് മാലിന്യ നിർമ്മാണത്തിനും പുതിയ സംവിധാനമാണ്. നഗരസഭയുടെ സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റിനു സമീപത്താണ് ഈ ഫ്ളാറ്റുകൾ നിർമ്മിച്ചത്. ഫ്ളാറ്റുകളിൽ നിന്നുവരുന്ന മാലിന്യം വലിയ പൈപ്പ് വഴി മുട്ടത്തറ പ്ളാന്റിലേക്ക് പോകും. ഇവിടെ പുതിയതായി നിർമ്മിച്ച വലിയ കിണറ്റിലേക്കാണ് ഈ മാലിന്യമെത്തുന്നത്. ഇത് പിന്നീട് സാധാരണ രീതിയിൽ പ്ളാന്റിൽ ട്രീറ്റ് ചെയ്യും. പുതിയ കിണർ ഉൾപ്പെടെ ഈ സംവിധാനം സജ്ജമാക്കാൻ മാത്രം 2 കോടിയാണ് ചെലവാക്കിയത്.
മത്സ്യത്തൊഴിലാളികൾക്ക് എന്തു
ചെയ്‌താലും കൂടുതലാകില്ല: മുഖ്യമന്ത്രി
മത്സ്യത്തൊഴിലാളികൾക്ക് എന്തു ചെയ്‌താലും അത് കൂടുതലാകില്ലെന്ന ബോദ്ധ്യം സർക്കാരിനുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാനത്തെ എല്ലാ മത്സ്യത്തൊഴിലാളികൾക്കും നല്ല താമസസ്ഥലം ഒരുക്കുക എന്നതാണ് നാട് ആഗ്രഹിക്കുന്നത്. നമ്മുടെ നാട് പ്രതിസന്ധി നേരിട്ട ഘട്ടത്തിൽ സ്വന്തം ജീവൻപോലും നോക്കാതെ സ്വന്തം സഹോദരങ്ങൾക്കു വേണ്ടി ഇറങ്ങിപ്പുറപ്പെട്ട കേരളത്തിന്റെ സ്വന്തം സൈന്യമാണ് അവർ. മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി തീരദേശ പാക്കേജിന്റെ നിർദ്ദേശം കേന്ദ്ര സർക്കാരിനു മുന്നിൽ സമർപ്പിച്ചെങ്കിലും പരിഗണന ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
ആറുമാസത്തിനുള്ളിൽ മത്സ്യത്തൊഴിലാളികൾക്കായി 400 ഫ്ലാറ്റുകൾ നിർമ്മിച്ചുനൽകുമെന്ന് അദ്ധ്യക്ഷത വഹിച്ച മന്ത്രി സജി ചെറിയാൻ പറഞ്ഞു. എന്നാൽ മത്സ്യത്തൊഴിലാളികളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമം നടക്കുന്നുണ്ട്. മുട്ടത്തറയിലെ ഫ്ലാറ്റുകളുടെ കൈമാറ്റവും മുടക്കാൻ ശ്രമമുണ്ടായതായി അദ്ദേഹം പറഞ്ഞു.
ഐറിസ് സിൽവസ്‌റ്റർ,റോസിൽ ജോൺ,അൽഫോൺസിയ അലക്‌സ്,സാന്ദ്ര മഹേഷ്,ഫാത്തിമ ബീവി എന്നിവർ മുഖ്യമന്ത്രിയിൽ നിന്ന് നേരിട്ട് താക്കോൽ ഏറ്റുവാങ്ങി.
മന്ത്രിമാരായ വി.എൻ.വാസവൻ,വിശിവൻകുട്ടി,ആന്റണി രാജു എം.എൽ.എ,മേയർ ആര്യാ രാജേന്ദ്രൻ,കളക്ടർ അനുകുമാരി,പാളയം ഇമാം വി.പി.സുഹൈബ് മൗലവി,ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി ഗുരുരത്‌നം ജ്ഞാന തപസ്വി, ഫിഷറീസ് സെക്രട്ടറി അബ്ദുൾ നാസർ തുടങ്ങിയവർ പങ്കെടുത്തു.