തിരുവനന്തപുരം: രാഹുൽഗാന്ധിയുടെ ആക്ഷേപങ്ങളിൽ മറുപടി നൽകാൻ തിരഞ്ഞെടുപ്പ് കമ്മിഷന് ബാദ്ധ്യതയുണ്ടെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. രാഹുൽ ഗാന്ധി ഉന്നയിച്ച ആരോപണങ്ങൾ ശരിയാണെങ്കിൽ കമ്മിഷൻ രാജിവച്ചു പുറത്തു പോകണം. സി.പി.ഐ തിരുവനന്തപുരം ജില്ലാ സമ്മേളനത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്വതന്ത്രമായും നീതിപൂർവമായും പ്രവർത്തിക്കേണ്ട ഭരണഘടന സ്ഥാപനമാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ. ബി.ജെ.പിക്ക് വേണ്ടി സ്തുതി പാടുന്നവരെ വച്ചുകൊണ്ട് എല്ലാ സ്ഥാപനങ്ങളെയും കൈയിലെ കളിപ്പാവയാക്കുന്ന ഈ പോക്ക് രാജ്യത്തിന് നല്ലതല്ല. എൽ.ഡി.എഫിന്റെ ശക്തി നാൾക്കുനാൾ വർദ്ധിക്കുകയാണ്. എൽ.ഡി.എഫിന് മൂന്നാം ഊഴം ഉണ്ടാകും. പഞ്ചായത്ത് തിരഞ്ഞെടുപ്പിലടക്കം എൽ.ഡി.എഫ് വിജയിക്കും.
ഗവർണർ സംസ്ഥാനത്തെ ജനങ്ങളെയും സർക്കാരിനെയും വെല്ലുവിളിക്കാൻ വന്നാൽ ഭരണഘടനയെയും കോടതിയെയും മുൻനിറുത്തി ചെറുക്കും. ജനാധിപത്യ സമൂഹത്തിൽ ഗവർണർ പദവി അനാവശ്യമാണ്. ശശിതരൂർ ബി.ജെ.പിക്കു വേണ്ടി ചിന്തിക്കുകയും വാദിക്കുകയും ചെയ്യുകയാണ്. എന്നാണ് അദ്ദേഹം ബി.ജെ.പിയിലേക്ക് പോകുന്നതെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ അദ്ധ്യക്ഷനായി. മന്ത്രി ജി.ആർ.അനിൽ മുഖ്യപ്രഭാഷണം നടത്തി. ജനകീയ പദ്ധതികളുമായി സർക്കാർ മുന്നോട്ടു പോവുകയാണെന്നും സിവിൽ സപ്ലൈസ് കോർപ്പറേഷൻ വഴി ഓണത്തിന് കുറഞ്ഞ നിരക്കിൽ വെളിച്ചെണ്ണ ഉൾപ്പെടെയുള്ള നിത്യോപയോഗ സാധനങ്ങൾ വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
സി.പി.ഐ സംസ്ഥാന എക്സിക്യുട്ടീവ് അംഗം എൻ.രാജൻ, മുതിർന്ന നേതാവ് സി.ദിവാകരൻ, ജെ.വേണുഗോപാലൻ നായർ, അരുൺ.കെ.എസ്, പള്ളിച്ചൽ വിജയൻ,സോളമൻ വെട്ടുകാട്,വി.പി.ഉണ്ണികൃഷ്ണൻ, വിളപ്പിൽ രാധാകൃഷ്‍ണൻ,രാഖി രവികുമാർ, കെ.ദേവകി,മനോജ് ഇടമന,കെ.പി.ഗോപകുമാർ,പി.എസ് .ഷൗക്കത്ത്,എ.എം.റൈസ്, മീനാങ്കൽ കുമാർ,എ.എസ് .ആനന്ദകുമാർ, പി.കെ.രാജു എന്നിവർ പങ്കെടുത്തു.
'ബോംബ് പൊട്ടിയില്ല,
ഭൂമി കുലുങ്ങിയില്ല'
സി.പി.ഐ ജില്ലാ സമ്മേളനങ്ങളിൽ വലിയ ബോംബ് പൊട്ടുമെന്ന് പലരും കാത്തിരുന്നെങ്കിലും ഒന്നുമുണ്ടായില്ലെന്ന് ബിനോയ് വിശ്വം. പാലക്കാട്ടും എറണാകുളത്തും ഭൂമി കുലുങ്ങിയില്ല. പാർട്ടി സമ്മേളനങ്ങളിൽ ചർച്ചകളും വിമർശനങ്ങളും ഉണ്ടാകണം. ഇതുവരെ നടന്ന 11 സമ്മേളനങ്ങളിലും ജില്ലാ കൗൺസിലുകളെയും ജില്ലാ സെക്രട്ടറിമാരെയും തിരഞ്ഞെടുത്തത് ഏകകണ്ഠമായാണ്. സംസ്ഥാന സമ്മേളനത്തിന് ശേഷം കമ്മ്യൂണിസ്റ്റ് പാർട്ടി ഐക്യത്തിന്റെ പാർട്ടിയായി മാറും.