വിതുര: പൊൻമുടി-തിരുവനന്തപുരം സംസ്ഥാനപാതയിൽ ചുള്ളിമാനൂർ മുതൽ പൊൻമുടി വരെയുള്ള റോഡ് അത്യാധുനികരീതിയിൽ നവീകരിക്കും. ഇതിനായി ഫണ്ട് അനുവദിക്കുകയും ഭരണാനുമതി ലഭിക്കുകയും ചെയ്തു.
നെടുമങ്ങാട്, അരുവിക്കര, വാമനപുരം മണ്ഡലങ്ങളുടെ പരിധിയിൽ വരുന്ന റോഡാണ് പൊൻമുടി സംസ്ഥാനപാത. 2019 മുതൽ റോഡ് തകർന്ന് കിടക്കുകയായിരുന്നു. ഗട്ടർ നിറഞ്ഞ റോഡിലൂടെയുള്ള യാത്ര അതീവദുഷ്ക്കരമായിരുന്നു. റോഡ് ഗതാഗതയോഗ്യമാക്കണം എന്നാവശ്യപ്പെട്ട് അനവധി സമരങ്ങൾ നടന്നു. മന്ത്രിക്ക് നിവേദനവും നൽകി. റോഡിന്റെ ദുരവസ്ഥയും അപകടങ്ങളും ചൂണ്ടിക്കാട്ടി കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതിനെ തുടർന്ന് മന്ത്രി ജി.ആർ.അനിലും ജി.സ്റ്റീഫൻ എം.എൽ.എയും, ഡി.കെ.മുരളി എം.എൽ.എയും പ്രശ്നത്തിൽ ബന്ധപ്പെട്ടു.
2021ൽ ചുള്ളിമാനൂർ പൊൻമുടിവരെയുള്ള റോഡ് നവീകരിക്കുന്നതിനായി 167കോടി രൂപ അനുവദിച്ചിരുന്നെങ്കിലും നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തീകരിച്ചിരുന്നില്ല. മൂന്നരവർഷത്തോളം പണി നടത്തിയെങ്കിലും പകുതി പണിയാണ് നടന്നത്. തുടർന്ന് കാരാറുകാരൻ പണി ഉപേക്ഷിച്ചുപോകുകയായിരുന്നു.
നന്ദി രേഖപ്പെടുത്തി
പൊൻമുടി സംസ്ഥാനപാത നവീകരിക്കുന്നതിനായി നടപടികൾ സ്വീകരിച്ച സർക്കാരിനും മന്ത്രി പി.എ.മുഹമ്മദ് റിയാസിനും, ജി.സ്റ്റീഫൻ എം.എൽ.എക്കും സി.പി.എം തൊളിക്കോട് ലോക്കൽകമ്മിറ്റി സെക്രട്ടറി എസ്.എസ്.പ്രേംകുമാർ നന്ദി രേഖപ്പെടുത്തി.
അപകടങ്ങൾ തുടർക്കഥ
റോഡിന്റെ ശോച്യാവസ്ഥയിൽ മൂന്ന് അപകടമരണങ്ങളും നൂറിൽപ്പരം ബൈക്കപകടങ്ങളുമുണ്ടായിട്ടുണ്ട്. മഴയായാൽ പൊൻമുടിപാത വെള്ളത്തിൽമുങ്ങും.തൊളിക്കോട് ജംഗ്ഷനിലെ കടകളിൽ വെള്ളംകയറുന്ന സ്ഥിതിയുമായി. ഇതോടെ നാട്ടുകാർ ചിലഭാഗങ്ങളിൽ മണ്ണിട്ട് കുഴികൾ നികത്തി. അപകടങ്ങളും യാത്രാപ്രശ്നവും ചൂണ്ടിക്കാട്ടി കേരളകൗമുദി വീണ്ടും വാർത്ത പ്രസിദ്ധീകരിച്ചു. തുടർന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രിയും, ജി.സ്റ്റീഫനും പ്രശ്നത്തിലിടപെട്ട് ചുള്ളിമാനൂർ മുതൽ പൊൻമുടിവരെ റോഡ് നവീകരിക്കാൻ ഫണ്ട് അനുവദിക്കുകയായിരുന്നു. പൊൻമുടി റോഡ് നിർമ്മാണപ്രവർത്തനങ്ങൾക്ക് മുന്നോടിയായിചിറ്റാർ പാലം നിർമ്മാണപ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്.