വാമനപുരം: വാമനപുരം മണ്ഡലത്തിലെ വിവിധ ഗ്രാമീണ റോഡുകളുടെ നവീകരണത്തിന് എം.എൽ എയുടെ ആസ്തി വികസന പദ്ധതി പ്രകാരം 87 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി ഡി.കെ.മുരളി എം.എൽ.എ അറിയിച്ചു. പാങ്ങോട് ഗ്രാമ പഞ്ചായത്തിലെ കുളമാൻകുഴി മുണ്ടോണിക്കര റോഡ് നവീകരണം (20 ലക്ഷം), പനവൂർ ഗ്രാമപഞ്ചായത്തിലെ പനവൂർ ജംഗ്‌ഷൻ വികസന പദ്ധതി (40 ലക്ഷം), കട്ടയ്ക്കൽ - കൊച്ചനായികോണം റോഡ് നവീകരണം (12 ലക്ഷം), ആനാട് ഗ്രാമപഞ്ചായത്തിലെ പാങ്കോട്- മേത്തോട് - വട്ടറത്തല റോഡ് നവീകരണം (15 ലക്ഷം) എന്നീ പ്രവൃത്തികൾക്കാണ് എം.എൽ.എയുടെ ശുപാർശ പ്രകാരം ജില്ലാ കളക്ടർ ഭരണാനുമതി നൽകിയത്. എൽ.എസ്. ജി.ഡി എൻജിനിയറിംഗ് വിഭാഗത്തിനാണ് നിർവഹണച്ചുമതല. ടെൻഡർ നടപടികൾ പൂർത്തിയാക്കി റോഡ് നവീകരണം ആരംഭിക്കുമെന്ന് ഡി.കെ.മുരളി എം.എൽ.എ അറിയിച്ചു.