qq

മുടപുരം: കിഴുവിലം പഞ്ചായത്തിൽ നേരത്തെ കെ.എസ്.ആർ.ടി.സി നടത്തിയിരുന്ന ബസ് സർവീസുകൾ കൊവിഡുകാലത്ത് നിറുത്തലാക്കിയിരുന്നു. ഇവ ഇതുവരെ പുനഃരാരംഭിച്ചിട്ടില്ല. നിലവിൽ ആകെ ആശ്രയമായിരുന്ന സ്വകാര്യ ബസുകളും ട്രിപ്പ് മുടക്കാൻ തുടങ്ങിയിട്ടുണ്ട്. ഇതോടെ കിഴുവിലം,അഴൂർ പഞ്ചായത്തുകളിലെ ജനങ്ങളുടെ യാത്രാദുരിതവും ഇരട്ടിയായി. രാത്രി 8നു ശേഷം കോരാണിയിൽനിന്ന് ചിറയിൻകീഴിലേക്കെത്താൻ ബസ്സില്ലാത്ത അവസ്ഥയാണ്. മിക്കവരും ഓട്ടോപിടിച്ചാണ് വീട്ടിലെത്തുന്നത്. ഭാരിച്ച ഓട്ടോചാർജ് പലർക്കും താങ്ങാൻകഴിയുന്നതിനും അപ്പുറത്താണ്. സ്വകാര്യബസുകൾക്ക് രാത്രി ഓടാൻ പെർമിറ്റ് നൽകിയിട്ടുണ്ടെങ്കിലും അവർ ട്രിപ്പ് നടത്താറില്ലെന്നാണ് പരാതി. ട്രെയിൻ യാത്രക്കാരുടെ അവസ്ഥയും ഇതുതന്നെ.


1. നാല്‌ കെ.എസ്.ആർ.ടി.സി ബസുകൾ സർവീസ് നടത്തിയിരുന്ന കോരാണി- ചിറയിൻകീഴ് റൂട്ടിൽ ഇപ്പോൾ ഒരു കെ.എസ്.ആർ.ടി.സി ബസ് മാത്രമാണ് പുനഃരാരംഭിച്ചത്.

2.കിഴുവിലം,ചിറയിൻകീഴ്,കുറക്കട,മുടപുരം,മുട്ടപ്പലം തുടങ്ങിയ റോഡുകൾ വഴി സർവീസ് നടത്തിയിരുന്ന അഞ്ചിലധികം ബസുകൾ പലഘട്ടങ്ങളിലായി നിറുത്തി.

 നിറുത്തലാക്കിയവ

ചിറയിൻകീഴ് നിന്ന് ആരംഭിച്ച് മുടപുരം -കോരാണി ബൈപാസ് വഴി കിഴക്കേകോട്ടയിൽ പോകുന്ന ലോ ഫ്‌ളോർ ബസ്,ചിറയിൻകീഴ് നിന്ന് കോരാണി വഴി തിരുവനന്തപുരത്തേക്കുള്ള ബസ്, ചിറയിൻകീഴ് നിന്ന് ചെറുവള്ളിമുക്ക്-കിഴുവിലം ആയുർവേദാശുപത്രി-കോരാണി വഴി തിരുവനന്തപുരത്തേക്കുള്ള ബസ്,​ ചിറയിൻകീഴ് നിന്ന് മുടപുരം-മുട്ടപ്പലം-മംഗലപുരം-പോത്തൻകോട് വഴി തിരുവനന്തപുരത്തേക്കുള്ള ബസ്, ചിറയിൻകീഴ്- മുടപുരം- കുറക്കട സൊസൈറ്റി ജംഗ്ഷൻ- കൈലാത്തുകോണം- ചെമ്പകമംഗലം ജംഗ്‌ഷൻ വഴി തിരുവനന്തപുരത്തേക്കുമുള്ള സർവീസുകളാണ് നിറുത്തലാക്കിയവ.

 യാത്രാക്ലേശവും

നിരന്തര മുറവിളിയെ തുടർന്ന് ചിറയിൻകീഴ് നിന്ന് ആരംഭിച്ച് മുടപുരം -കോരാണി- ബൈപാസ് വഴി കിഴക്കേകോട്ടയിലേക്ക് പോകുന്ന ബസ് പുനരാരംഭിച്ചു. മികച്ച കളക്ഷനുണ്ടായിരുന്ന തിരുവനന്തപുരം നഗരത്തിലേക്കുള്ള കെ.എസ്.ആർ.ടി.സിയുടെ വിവിധ സർവീസുകൾ നിറുത്തലാക്കിയതോടെ ഈ പ്രദേശങ്ങളിൽ നിന്നും നഗരത്തിലേക്ക് പഠനത്തിനും ജോലിക്കും മറ്റുമായി പോകുന്നവർക്ക് വലിയ യാത്രാക്ലേശം അനുഭവപ്പെടുന്നു. ഇതിന് പരിഹാരംകാണാൻ ഗതാഗതവകുപ്പ് ഇടപെടണമെന്നാണ് പൊതുവായ ആവശ്യം.