malinniyam

ആറ്റിങ്ങൽ: വാമനപുരം നദിക്കരയിൽ കാലാവധി കഴിഞ്ഞ മരുന്നുകൾ അടക്കം മാലിന്യം തള്ളൽ വ്യാപകമാകുന്നതായി പരാതി. വാമനപുരം നദിയിൽ അവനവഞ്ചേരി നക്രാംകോട് ക്ഷേത്രത്തിന് സമീപത്തെ നദിക്കരയിലാണ് കാലാവധി കഴിഞ്ഞ മരുന്നുകൾ, സൂപ്പർ മാർക്കറ്റ് സാധനങ്ങൾ, ഭക്ഷ്യവസ്തുക്കൾ, സർജിക്കൽവേസ്റ്റ് സാനിട്ടറി വേസ്റ്റ് തുടങ്ങിയ അജൈവ മാലിന്യങ്ങൾ ചാക്കുകളിലാക്കി കൊണ്ടിട്ടിരിക്കുന്നത്. മഴക്കാലമായാൽ ഇത് ഒലിച്ച് നദിയിൽ കലരാൻ മിനിട്ടുകൾ മതി. ഈ മേഖലയിലെ നദിക്കര കേന്ദ്രീകരിച്ച് ചിറയിൻകീഴ് വർക്കല താലൂക്കിലെ കുടിവെള്ള വിതരണ പദ്ധതിക്കായുള്ള ഇരുപതിലധികം ജലസംഭരണ കിണറുകളുമുണ്ട്. കാലഹരണപ്പെട്ട മെഡിസിൻ അടക്കം വെള്ളത്തിലെത്തിയാൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ വരെ ഉണ്ടാകാം. വ്യാപാര സ്ഥാപനത്തിലെ ക്യൂ ആർ കോഡ് പതിപ്പിച്ച കാർഡുകളും ഇവിടെ നിന്നും കിട്ടിയിട്ടുണ്ട്. സ്വകാര്യ വ്യക്തിയുടെ ഭൂമിയായതിനാൽ വസ്തു ഉടമ ആറ്റിങ്ങൽ നഗരസഭയ്ക്ക് രേഖാമൂലം പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ ആരോഗ്യ വിഭാഗം സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും മാലിന്യം നീക്കം ചെയ്യാനോ, കുഴിച്ചുമൂടാനോ നടപടി സ്വീകരിച്ചിട്ടില്ലന്നും ആക്ഷേപമുണ്ട്.

ആരോഗ്യപ്രശ്നങ്ങൾ ഏറെ

കാട് മൂടിയ വിജനമായ സ്ഥലമായതിനാൽ ആൾസഞ്ചാരം കുറവാണിവിടെ. ഈ സാഹചര്യം മുതലെടുത്താണ് മാലിന്യനിക്ഷേപം. ഭക്ഷ്യവസ്തുക്കളുടെ സാന്നിദ്ധ്യമുള്ളതിനാൽ തെരുവുനായ്ക്കൾ ചാക്കുകൾ കടിച്ചു കീറിയതോടെയാണ് മാലിന്യനിക്ഷേപം പുറംലോകമറിഞ്ഞത്. ചിലയിടങ്ങളിൽ നദിക്കരയിലെ മുളങ്കാടുകൾക്കിടയിൽ തിരുകിക്കയറ്റിയ നിലയിലാണ് മാലിന്യക്കെട്ടുകൾ.