തിരുവനന്തപുരം: അമ്പൂരി കാരിക്കുഴിയിൽ കുരുക്കിൽപ്പെട്ട പുലിയെ മയക്കുവെടിവച്ച് പിടികൂടി. കാരിക്കുഴി തടത്തരികത്ത് വീട്ടിൽ സുശീലയുടെ ഉടമസ്ഥതയിലുള്ള റബർത്തോട്ടത്തിൽ, മകനും ടാപ്പിംഗ് തൊഴിലാളിയുമായ ഷൈജുവാണ് ആദ്യം പുലിയെ കണ്ടത്.

ഇന്നലെ രാവിലെ റബർ ടാപ്പിംഗിനായി എത്തിയപ്പോഴാണ് പുലിയെ കണ്ടത്.പാറയിടുക്കിലെ ചെറിയ കുഴിയിൽ കുരുക്കിൽവീണ് കിടക്കുകയായിരുന്നു. ഷൈജുവിനെയും ഒപ്പമുണ്ടായിരുന്ന സുരേഷിനെയും കണ്ടതോടെ,പുലി ആക്രമിക്കാൻ ശ്രമിച്ചു. പേടിച്ച് ഓടുന്നതിനിടയിൽ സുരേഷിന് വീണ് പരിക്കേറ്റു.

നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരും നെയ്യാർഡാം പൊലീസും സ്ഥലത്തെത്തി.സോളാർ വേലി സ്ഥാപിക്കുന്നതിനായി കെട്ടിയിരുന്ന കമ്പിയിലും മരക്കുറ്റിയിലുമാണ് പുലി കുരുങ്ങിക്കിടന്നിരുന്നത്. വനംവകുപ്പ് ദ്രുതകർമ്മ സേനയും മയക്കുവെടി വിദഗ്ദ്ധരും ചേർന്ന്,മൂന്ന് മണിക്കൂറോളം പരിശ്രമിച്ചാണ് മയക്കുവെടിവച്ച് പുലിയെ പിടികൂടിയത്. മൂന്നുതവണ വെടിവച്ചു. പിന്നീട് കൂട്ടിലാക്കിയ പുലിയെ നെയ്യാർഡാം വന്യജീവി സങ്കേതത്തിലേക്ക് മാറ്റി.

മൂന്ന് വയസ് പ്രായമുള്ള പെൺപുലിയാണ്. രക്ഷപ്പെടുന്നതിനായി നടത്തിയ ശ്രമങ്ങളിൽ പുലിക്ക് പരിക്കേറ്റിട്ടുണ്ട്. നെയ്യാർഡാം വന്യജീവി സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയ പുലിയെ നിരീക്ഷിച്ചുവരികയാണെന്നും വെറ്ററിനറി ഡോക്ടറുടെ നിർദ്ദേശം ലഭിക്കുന്നതിനെ തുടർന്ന് വനത്തിനുള്ളിൽ തുറന്നുവിടാനാണ് തീരുമാനമെന്നും തിരുവനന്തപുരം വൈൽഡ് ലൈഫ് വാർഡൻ വിനോദ് പറഞ്ഞു.

അതേസമയം, അമ്പൂരി കാരിക്കുഴിയിൽ മുൻപ് പുലിയുടെ സാന്നിദ്ധ്യമുണ്ടായിരുന്നില്ലെന്നും അടുത്തിടെ നായ്ക്കളെ കാണാത്തതിനെ തുടർന്ന് പുലിയിറങ്ങിയതായി സംശയിച്ചിരുന്നതായും നാട്ടുകാർ പറഞ്ഞു.