ബാലരാമപുരം: കൈത്തറിമേഖലയെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ദയനീയ സ്ഥിതിയിലേക്ക് തള്ളിവിടുകയാണെന്നും തൊഴിലാളികളെല്ലാം അപ്രത്യക്ഷമാകുന്നതായും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. ദേശീയ കൈത്തറി ദിനത്തോടനുബന്ധിച്ച് കസവുകടയുടെ ഉത്പാദന കേന്ദ്രമായ പെരിങ്ങമ്മല കാവേരി വീവ്സ് ആൻഡ് ക്രാഫ്റ്റ് വില്ലേജിൽ തൊഴിലാളികളെ സന്ദർശിക്കാനെത്തിയതായിരുന്നു അദ്ദേഹം. വൻ വിപണനസാദ്ധ്യയാണ് കൈത്തറി ഉത്പന്നങ്ങൾക്കുള്ളതെന്നും യു.ഡി.എഫ് അധികാരത്തിലെത്തിയാൽ യൂണിഫോം പദ്ധതി കുറ്റമറ്റ രീതിയിൽ നടപ്പാക്കുമെന്നും ചെന്നിത്തല പറഞ്ഞു. കൈത്തറി തൊഴിലാളി കോൺഗ്രസ് സംഘടിപ്പിച്ച സമ്മേളനത്തിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി ജി. സുബോധൻ അദ്ധ്യക്ഷത വഹിച്ചു. വണ്ടന്നൂർ സദാശിവൻ, പെരിങ്ങമ്മല വിജയൻ, മംഗലത്തുകോണം തുളസീധരൻ, എൻ.എസ്.ജയചന്ദ്രൻ, വട്ടവിള വിജയകുമാർ, മലയിൻകീഴ് വേണുഗോപാൽ, എസ്.എസ് സതികുമാരി എന്നിവർ പ്രസംഗിച്ചു. കസവുകട മാനേജിംഗ് ഡയറക്ടർ എസ്. സുശീലനെ പൊന്നാട അണിയിച്ചു.