നെടുമങ്ങാട്: സിലിണ്ടറിൽ നിന്ന് ഗ്യാസ് ചോർന്ന് തീപിടിച്ച് കാറ്ററിംഗ് സെന്റർ ഉടമയ്ക്ക് ദാരുണാന്ത്യം.കരുപ്പൂര് മാണിക്യപുരം ജംഗ്‌ഷനിൽ ആർഷ ഫാസ്റ്റ് ഫുഡ് സെന്റർ നടത്തുന്ന പരുത്തിക്കുഴി നല്ലിക്കുഴി റോഡരികത്ത് വീട്ടിൽ എസ്.വിജയനാണ് (65) മരിച്ചത്.ഇന്നലെ ഉച്ചയ്ക്ക് 12ഓടെയായിരുന്നു അപകടം.
ഗ്യാസ് ചോർന്ന് തീപിടിച്ചതോടെ കടയുടെ ഷട്ടർ വീണ് വിജയൻ കടമുറിയിൽ കുടുങ്ങുകയായിരുന്നു. നാട്ടുകാർ അറിയിച്ചതനുസരിച്ച് ഉടൻ പൊലീസും പിന്നാലെ ഫയർഫോഴ്സുമെത്തി ഷട്ടർ നീക്കം ചെയ്ത് തീ കെടുത്തി.
വിജയനെ പുറത്തെടുത്തപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഭാര്യ ഗിരിജയും ചെറുമകനും കടയിൽ നിന്ന് വീട്ടിലേക്ക് മടങ്ങിയതിന് പിന്നാലെയായിരുന്നു ദുരന്തം. രണ്ട് ദിവസം മുൻപ് ഗ്യാസ് സിലിണ്ടറിൽ ചോർച്ചയുണ്ടായിരുന്ന വിവരം ഏജൻസിയെ അറിയിച്ചിരുന്നതായി ബന്ധുക്കൾ പറയുന്നു.
ഗ്യാസ് നിറച്ച ഒരു സിലിണ്ടറും ഒഴിഞ്ഞ നാല് സിലിണ്ടറുകളും കടയിലുണ്ടായിരുന്നു.ഇവ ഫയർഫോഴ്സ് പുറത്തേക്ക് മാറ്റി.മൃതദേഹം ഇൻക്വസ്റ്റിനു ശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.പോസ്റ്റുമോർട്ടം കഴിഞ്ഞ് ഇന്ന് വീട്ടുവളപ്പിൽ സംസ്കരിക്കും.വലിയമല പൊലീസ് കേസെടുത്തു. മക്കൾ: വിഷ്ണു (വെൽഡിംഗ്),അഞ്ജു (വട്ടപ്പാറ ഡെന്റൽ കോളേജ്).മരുമക്കൾ: അഞ്ജു,ബൈജു.