photo

നെടുമങ്ങാട് ; ഷട്ടർ വീണ കടയ്ക്കുള്ളിൽ നിന്ന് തീയും പുകയും ഉയരുന്നതു കണ്ടാണ് നാട്ടുകാർ ഓടിക്കൂടിയത്. പൊട്ടിത്തെറി ശബ്ദങ്ങൾക്കിടയിൽ ഷട്ടറിനിടയിലൂടെ ഒരു സ്റ്റീൽ പാത്രം തെറിച്ചു റോഡിൽ വീണു. അപ്പോഴാണ് നാട്ടുകാർ നടുക്കത്തോടെ ഓർത്തത്,കടയുടമ വിജയൻ അകത്തുണ്ടെന്ന യാഥാർത്ഥ്യം. പകച്ചുനിൽക്കുമ്പോൾ വലിയമല പൊലീസ് അതുവഴിയെത്തി. നെടുമങ്ങാട് ഫയർസ്റ്റേഷനിൽ നിന്ന് രണ്ടു യൂണിറ്റ് സേനയും. ഷട്ടർ അറുത്തുമാറ്റുക എന്നത് ഏറെ ശ്രമകരമായിരുന്നു. പിന്നാലെ വെള്ളം ചീറ്റി തീകെടുത്തി കടയിൽ പ്രവേശിക്കാൻ ഒരു മണിക്കൂറോളമെടുത്തു. അപ്പോഴും ലീക്കായ സിലിണ്ടർ കത്തുന്നുണ്ടായിരുന്നു. കത്തിക്കരിഞ്ഞ നിലയിൽ വിജയന്റെ മൃതദേഹം തൊട്ടടുത്തുതന്നെ കണ്ടെത്തി.സ്വിച്ച് ബോർഡിന്റെ ഒരു ഭാഗം കത്തി നശിച്ചിരുന്നു. ഗ്യാസ് ലീക്ക് ചെയ്യുന്നതിനിടെ സ്വിച്ച് ബോർഡിൽ നിന്ന് തീപ്പൊരി വീണതാകാം തീപിടിത്തത്തിന് ഇടയാക്കിയതെന്ന് പൊലീസും ഫയർഫോഴ്സും സൂചിപ്പിക്കുന്നു. ഫയർ ആൻഡ് റസ്‌ക്യൂ സ്റ്റേഷൻ ഓഫീസർ ജയചന്ദ്രന്റെ നേതൃത്വത്തിലുള്ള പതിനഞ്ചോളം ഫയർ ഓഫീസർമാരാണ് സാഹസികമായി തീ കെടുത്തി മൃതദേഹം പുറത്തെടുത്തത്.

ഭാര്യയും ചെറുമകനും രക്ഷപ്പെട്ടത് അത്ഭുതം !

നേരം വെളുക്കുമ്പോൾ തുടങ്ങുന്ന ഹോട്ടൽ പണി രാത്രി പത്ത് വരെ നീളും.രാവിലെയും വൈകിട്ടുമാണ് കച്ചവടം.ഇടയ്ക്കല്പം വിശ്രമിക്കാൻ കിട്ടുന്നത് ഉച്ചയ്ക്ക് ഒരു മണിക്കൂറാണ്.അതിനു വേണ്ടിയാണ് ഒരു കൊച്ചു കട്ടിൽ വാങ്ങി പാചകമുറിയുടെ ഓരം ചേർത്തിട്ടിരുന്നത്. ഈ കട്ടിലിൽ മയങ്ങുമ്പോഴായിരുന്നു തൊട്ടടുത്തിരുന്ന ഗ്യാസ് സിലിണ്ടർ കത്തി വിജയൻ അഗ്നിക്കിരയായത്.ഭാര്യ ഗിരിജയും മകൻ വിഷ്ണുവിന്റെ രണ്ടര വയസുള്ള കുഞ്ഞും തീ പിടിത്തത്തിന് അഞ്ച് മിനിട്ട് മുമ്പുവരെ വിജയനൊപ്പം കടയിൽ ഉണ്ടായിരുന്നു. ചെറുമകനെ നല്ലിക്കുഴിയിലെ വീട്ടിലാക്കാൻ ഭാര്യ ഗിരിജ കുഞ്ഞുമായി പോയതിനു തൊട്ടു പിന്നാലെയായിരുന്നു തീപിടിത്തം. ഉയർത്തിവച്ചിരുന്ന ഷട്ടർ പൊട്ടിത്തെറിയുടെ ആഘാതത്തിൽ താഴ്ന്നതുകാരണം വിജയന് പുറത്തേക്ക് ഓടി രക്ഷപ്പെടാനായില്ല. നെടുമങ്ങാട്ടെ അറിയപ്പെടുന്ന പാചക വിദഗ്ദ്ധനായിരുന്നു. അര നൂറ്റാണ്ടിലേറെയായി ഹോട്ടൽ പണിയും കാറ്ററിംഗ് സർവീസുമായി സജീവം. ബിരിയാണിക്കും ചിക്കൻപെരട്ടിനുമുള്ള കൈപ്പുണ്യം പ്രസിദ്ധമാണ്. കരുപ്പൂരിന് സമീപം മാണിക്യപുരത്ത് വാടകമുറിയിൽ ആർഷ ഫാസ്റ്റ് ഫുഡ് എന്ന പേരിൽ കാറ്ററിംഗ് സർവീസ് സെന്റർ തുടങ്ങിയിട്ട് പത്ത് വർഷത്തോളമാവുന്നു.