qq

കല്ലറ: ഓണമെത്തിയതോടെ വിപണിയിൽ കിഴങ്ങുവർഗങ്ങൾ വന്നുതുടങ്ങേണ്ട സമയമായി. എന്നിട്ടും നാട്ടിൻപുറങ്ങളിലെ വ്യാപാരകേന്ദ്രങ്ങളിൽ ഇവ കാണാൻപോലുമില്ല. കർഷകർക്ക് വിളവെടുക്കാൻ പോലും ബാക്കിവയ്ക്കാതെ കൃഷിയിടങ്ങൾ ഉഴുതുമറിച്ചിരിക്കുകയാണ് വന്യമൃഗങ്ങൾ. ഇതോടെ കർഷകരും കിഴങ്ങുവിള കൃഷിയോട് വിമുഖത കാട്ടിത്തുടങ്ങി.

 വിലയും ഏറി

കാട്ടുമൃഗശല്യം വർദ്ധിച്ചതോടെ കപ്പ,ചേന, ചേമ്പ്, മധുരക്കിഴങ്ങ്, കാച്ചിൽ, ഇഞ്ചി,മഞ്ഞൾ തുടങ്ങിയ വിളകളെല്ലാം അപ്രത്യക്ഷമാകാൻ തുടങ്ങി. ഇവയുടെ കൃഷിയിൽ നിന്നും കർഷകർ പിന്തിരിയാൻ തുടങ്ങിയതോടെ വിപണിയിലേക്ക് ഉത്പന്നങ്ങളുടെ വരവും കുറഞ്ഞു. ഇതോടെ വിളകളുടെ വിലയും കൂടി. കാട്ടുമൃഗശല്യത്തിൽ നിന്ന് വിളകളെ സംരക്ഷിച്ചുനിറുത്താൻ ചെലവ് ഏറെയാണ്. അതിനാൽ ന്യായമായ വില കിട്ടണമെന്നാണ് കർഷകരുടെ ആവശ്യം.

 വില്ലനായി കാലാവസ്ഥ

കാലാവസ്ഥ വ്യതിയാനവും കർഷകർക്ക് വെല്ലുവിളിയാകുന്നുണ്ട്. പകൽച്ചൂടിന്റെ കാഠിന്യം ഏറിയതും പിന്നാലെ കാലംതെറ്റി മഴപെയ്തതും ഉത്പാദനത്തെ ബാധിച്ചു. വേനൽമഴ ലഭിച്ചതിനു പിന്നാലെ കിഴങ്ങുവർഗ കൃഷിയിലേക്ക് കർഷകർ തിരിയാറുണ്ടെങ്കിലും അദ്ധ്വാനഭാരം ഏറെയാണ്.

 വിലയിൽ കേമൻ

ചേനവിപണിയിൽ ചേനയ്ക്കാണ് വില കുത്തനെ ഉയർന്നത്. കർഷകന് കിലോഗ്രാമിന് 50-60 രൂപ ലഭിക്കുന്നുണ്ട്. 100-രൂപയാണ് വില്പന വില. വിത്തിനങ്ങൾക്കായി ഇതര ജില്ലകളിൽ നിന്ന് ചേനയെത്തിച്ച് വില്പന നടത്തുന്നുണ്ട്. കാച്ചിലിന് 80-90 രൂപയാണ് കിലോഗ്രാമിന് വില. വ്യത്യസ്ത ഇനം കാച്ചിലുകളാണ് ഉള്ളത്. ഇവയാകട്ടെ വിത്തുത്പന്നങ്ങളായി വാങ്ങുന്നവർ ഉണ്ട്. മധുരക്കിഴങ്ങ് 70 രൂപയ്ക്കാണ് വിൽക്കുന്നത്.