കിളിമാനൂർ: കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ വിവിധ തരിശിടങ്ങൾ ഇപ്പോൾ ചെണ്ടുമല്ലി വസന്തം തീർത്തിരിക്കുകയാണ്. മിനി തോവാളമെന്നോ, തെങ്കാശിയെന്നോ ഓക്കെ കിളിമാനൂരിനെ വിളിക്കാം. പൂക്കൾ കാണാനും ചിത്രം പകർത്താനും വാങ്ങാനും നിരവധി പേർ വിവിധ പാടങ്ങളിലെത്തുന്നുണ്ട്. ബ്ലോക്ക് പരിധിയിലെ വിവിധ പഞ്ചായത്തുകളിലെ തരിശിടങ്ങളിൽ 20 ഏക്കറുകളിലായി പൂവനി എന്ന പേരിലാണ് പൂകൃഷി ആരംഭിച്ചത്. പുളിമാത്ത് കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ നേതൃത്വത്തിൽ ബ്ലോക്ക് പരിധിയിലെ വിവിധ കൃഷിഭവനുകൾ പദ്ധതിക്ക് സാങ്കേതിക സഹായവുമായുണ്ട്.
നഗരൂർ,കിളിമാനൂർ,മടവൂർ,നാവായിക്കുളം,പള്ളിക്കൽ,പഴയകുന്നുമ്മേൽ,പുളിമാത്ത് പഞ്ചായത്തുകളാണ് പൂവനിയുടെ ഭാഗമായി കൃഷിയിടങ്ങൾ ഒരുക്കിയത്. തരിശ് ഭൂമികൾ തൊഴിലുറപ്പ് പദ്ധതിയിൽ കൃഷി യോഗ്യമാക്കി നൽകി.
കൃഷിയിനങ്ങൾ
ബിജെ ബുഷ്,സുപ്രീം ഓറഞ്ച്,അശോക ഓറഞ്ച്,സക്കാട്ട യെല്ലോ,അശോക യെല്ലോ
കാലാവസ്ഥാ വ്യതിയനവും
പ്രാദേശിക വിപണികളിലും ക്ഷേത്രങ്ങളിലുമാണ് നിലവിൽ പൂ വിൽക്കുന്നത്. ജൂൺ ആദ്യവാരമാണ് കൃഷിയിറക്കിയത്. ആഗസ്റ്റ് 15നു ശേഷം മൊട്ടിടുമെന്ന് പ്രതീക്ഷിച്ചെങ്കിലും കാലാവസ്ഥാവ്യതിയാനം മൂലം ആഗസ്റ്റ് ആദ്യവാരം തന്നെ മൊട്ടിടുകയും പ്രതീക്ഷിച്ചതിലും നേരത്തെ വിളവെടുപ്പ് ആരംഭിക്കുകയും ചെയ്തു. പൂവ് ഒന്നിന് 40 ഗ്രാം വരെ ഭാരം വരും.
പ്രതീക്ഷയോടെ കർഷകർ
അത്തപ്പൂക്കളം അടക്കം ഓണത്തിന് പൂവിന്റെ വലിയ തോതിലുള്ള ആവശ്യം വരും ആഴ്ചകളിൽ വരുമെന്നതിനാൽ നല്ല വില ലഭിക്കുമെന്നാണ് കർഷകരുടെ പ്രതീക്ഷ. കൃഷിവകുപ്പിന്റെ ആഴ്ചച്ചന്ത, ഓണച്ചന്ത, എക്കോ ഷോപ്പ് എന്നിവ വഴി പൂക്കൾ വിൽക്കാനാണ് പദ്ധതി.