thapalatm

ആറ്റിങ്ങൽ: ആറ്റിങ്ങൽ കച്ചേരിനടയിലെ തപാൽ വകുപ്പിന്റെ എ.ടി എം കൗണ്ടർ അടഞ്ഞിട്ട് മാസങ്ങൾ കഴിഞ്ഞു. ജില്ലയിലെ പ്രധാന പട്ടണങ്ങളിലൊന്നായ ആറ്റിങ്ങലിൽ കൗണ്ടർ തുറന്ന് പ്രവർത്തിപ്പിക്കാൻ അധികൃതരുടെ ഭാഗത്ത് നിന്നും നടപടിയുണ്ടായിട്ടില്ല. കച്ചേരിനടയിലെ ഹെഡ് പോസ്റ്റാഫീസിനോട് ചേർന്നാണ് പ്രത്യേക കെട്ടിടത്തിൽ എ.ടി.എം കൗണ്ടർ പ്രവർത്തിച്ചിരുന്നത്. അംഗപരിമിതർക്കും സൗകര്യപ്രദമായി കയറി ഇടപാടുകൾ നടത്തുന്നതിനുള്ള രീതിയിൽ പ്രത്യേകം നിർമ്മിച്ചതാണീകെട്ടിടം. എന്നാൽ മാസങ്ങൾക്കു മുമ്പ് വീണ താഴ് പിന്നീട് തുറന്നിട്ടില്ല. ചില അറ്റകുറ്റപണികൾ ഉണ്ടെന്നും ഉടൻ തുറക്കുമെന്നാണ് പോസ്റ്റോഫീസ് വൃത്തങ്ങൾ നൽകുന്ന സൂചന. ദേശീയപാതയോരത്ത് ആറ്റിങ്ങൽ പട്ടണത്തിലെ കണ്ണായ സ്ഥലത്താണ് ഈ കൗണ്ടറുള്ളത്.