sarsawathy-hospital

പാറശാല: പാറശാല സരസ്വതി ആശുപത്രിയിലെത്തുന്ന ഗർഭിണികൾക്ക് ഇനി വേദന കൂടാതെ പ്രസവിക്കാം.ഏറെപ്രചാരത്തിലുള്ള വാട്ടർ ബർത്ത് ആദ്യമായി കേരളത്തിൽ പരീക്ഷിച്ചിരിക്കുകയാണ്. അമ്മമാർക്ക് കൂടുതൽ ആയാസവും വേദനയുമില്ലാതെ പ്രസവത്തെ മറികടക്കാമെന്നതുകൊണ്ടാണ് വാട്ടർ ബർത്ത് അഥവാ ജലത്തിലെ പ്രസവത്തിനായി കൂടുതൽ അമ്മമാർ മുന്നോട്ടുവരുന്നത്. ലോകരാജ്യങ്ങളിൽ പ്രചാരമേറിവരുന്ന വാട്ടർ ബർത്ത് വിദഗ്ദ്ധ ഡോക്‌ടർമാരുടെ പിന്തുണയോടെ ഇന്ന് ഇന്ത്യയിലെ പല ആശുപത്രികളിലും തുടർന്ന് വരുന്നുണ്ട്. സരസ്വതി ആശുപത്രിയിലെ ആദ്യമായി പരീക്ഷിച്ച വാട്ടർബെർത്ത് വിജയകരമായി പൂർത്തിയാക്കി അമ്മയും കുഞ്ഞിനും അടുത്ത ദിവസംതന്നെ ആശുപത്രി വിട്ടു.

കഴിഞ്ഞ 25 വർഷത്തെ പ്രവർത്തന പരിചയത്തിനിടെ 15000 ഓളം പ്രസവ ശുശ്രൂഷകൾക്ക് നേതൃത്വം നൽകിയിട്ടുള്ള ഗൈനക്കോളജിസ്റ്റും ആശുപത്രിയുടെ എം.ഡിയുമായ ഡോ.ബിന്ദു അജയ്യകുമാർ,വാട്ടർ ബർത്ത് പ്രക്രിയയിൽ വിദഗ്ദ്ധ പരിശീലനം നേടിയിട്ടുള്ള ഡോ.പ്രിയദർശിനി എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തിയാക്കിയത്.

 വാട്ടർ ബർത്ത്

പ്രത്യേകമായി തയാറാക്കിയ സംവിധാനത്തിൽ സൂക്ഷിച്ചിട്ടുള്ള ശരീരോഷ്‌മാവിന് തുല്യമായ ചൂടുള്ള വെള്ളത്തിൽ ഇരിക്കുന്നതിനാൽ പ്രസവം കൂടുതൽ ആയാസരഹിതവും സുഖകരവുമാകും. മാത്രമല്ല സാധാരണ പ്രസവവുമായി ബന്ധപ്പെട്ട് ഉണ്ടാകാവുന്ന രക്തസ്രാവം, മറ്റ് ബുദ്ധിമുട്ടുകൾ എന്നിവ ഒഴിവാക്കാനാകുമെന്നും ഡോക്ടർമാർ പറയുന്നു. അമ്മയുടെ വയറ്റിനുള്ളിലെ വെള്ളത്തിൽ കഴിയുന്ന കുട്ടി പുറത്തുള്ള വെള്ളത്തിലെത്തുമ്പോഴും തത്‌സ്ഥിതിയിൽ തന്നെ തുടരുന്നതിനാൽ കുട്ടിക്കും യാതൊരു ബുദ്ധമുട്ടും ഉണ്ടാകുന്നില്ല. വെള്ളത്തിൽ നിന്നും മുകളിലേക്ക് ഉയർത്തുമ്പോൾ മാത്രമാണ് കുട്ടി ശ്വസിച്ചുതുടങ്ങുന്നതും.