dd

തിരുവനന്തപുരം: ഇലക്ട്രിക് വാഹനങ്ങളോടുള്ള സമീപനം സംസ്ഥാന ഗതാഗതവകുപ്പ് മാറ്റിയാൽ കേന്ദ്ര പദ്ധതി പ്രകാരം സബ്സിഡി നിരക്കിൽ ഇ-ബസുകൾ കെ.എസ്.ആർ.ടി.സിക്ക് സ്വന്തമാക്കാം. കേന്ദ്ര വ്യവസായ വകുപ്പിന്റെ പി.എം ഇ-ഡ്രൈവ് പദ്ധതിയുടെ കാലാവധി 2028 മാർച്ച് വരെ നീട്ടിയതോടെയാണിത്. നേരത്തെ 2026 മാർച്ചവരെയായിരുന്നു.

കൂടുതൽ സംസ്ഥാനങ്ങൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നതിനാണ് കലാവധി നീട്ടിയത്. പദ്ധതി പ്രകാരം 14,028 ബസുകളാണ് സംസ്ഥാനങ്ങളുടെ ട്രാൻസ്പോർട്ട് കോർപറേഷനുകൾക്ക് നൽകുന്നത്. എന്നാൽ,കെ.എസ്.ആർ.ടി.സിയെ ഈ പദ്ധതിയുടെ ഭാഗമാക്കാൻ ഗതാഗതവകുപ്പ് ശ്രമിച്ചിരുന്നില്ല. ഇലക്ട്രിക് വാഹനങ്ങളുടെ സ്വീകാര്യത,നിർമ്മാണം,ചാർജിംഗ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവ വർദ്ധിപ്പിക്കുന്നതിനായി 10,900 കോടിയാണ് പദ്ധതിക്കായി നീക്കിവച്ചത്.

ട്രാൻസ്പോർട്ട് ബസുകളല്ലാതെ ഇ-സ്കൂട്ടർ,ഇ-ഓട്ടോകൾ എന്നിവ ഇതിൽ ഇടംപിടിച്ചിരുന്നുവെങ്കിലും അതിന്റെ കാലാവധി നീട്ടിയിട്ടില്ല. മറ്റ് സംസ്ഥാനങ്ങൾ വ്യത്യസ്ഥങ്ങളായ പദ്ധതിയിലൂടെ ഇ-ബസുകൾ വാങ്ങുമ്പോൾ കേരളം ഇപ്പോഴും പുതിയതായി വാങ്ങുന്നത് ഡീസൽ ബസുകളാണെന്ന് 'കേരളകൗമുദി' ആഗസ്റ്റ് നാലിന് റിപ്പോർട്ട് ചെയ്തിരുന്നു.

ബസൊന്നിന് 35 ലക്ഷം

സബ്സിഡി

അന്തർജില്ലാ സർവീസുകൾ നടത്താൻ കഴിയുന്ന വലിയ ഇ-ബസുകളാണ് പദ്ധതിയിലൂടെ വാങ്ങാനാവുക. പദ്ധതി പ്രകാരം 35 ലക്ഷം രൂപ സബ്സിഡി ലഭിക്കും. വലിയ ഇലക്ട്രിക് ബസിന് 1.5 കോടി രൂപയാണ് ശരാശരി വില. ഇത് സമീപ ഭാവയിൽ ഒരു കോടിയായി കുറയും. പദ്ധതിയോടുള്ള താത്പര്യം കേന്ദ്ര വ്യവസായ വകുപ്പിനെ അറിയിക്കുകയും വിശദമായ പദ്ധതി രേഖ നൽകിയാൽ പദ്ധതിക്കുള്ള അംഗീകാരം ലഭിക്കുകയും ചെയ്യും.

നാല് സംസ്ഥാനങ്ങൾ

കർണാടക........4,500 ബസുകൾ

തെലങ്കാന........2,000 ബസുകൾ

ഡൽഹി.............2,800

ഗുജറാത്ത്.......1,600