കോട്ടൂർ: കുറ്റിച്ചൽ പഞ്ചായത്തിലെ ഉത്തരംകോട്,ചപ്പാത്ത്,കോട്ടൂർ ഭാഗങ്ങളിൽ മദ്യ-മയക്കുമരുന്ന്-സാമൂഹ്യവിരുദ്ധ ശല്യം രൂക്ഷമാകുന്നു. കഴിഞ്ഞ കുറെ വർഷങ്ങളായി ഈ മേഖല സാമൂഹ്യ വിരുദ്ധരുടേയും മദ്യ-മയക്കുമരുന്ന് മാഫികളുടേയും വിഹാര കേന്ദ്രമായിരിക്കുകയാണ്.
കോട്ടൂർ നെല്ലിവിള കോളനി കേന്ദ്രീകരിച്ച് മയക്കുമരുന്ന് മാഫിയ തമ്പടിക്കുന്നുവെന്ന വിവരത്തെ തുടർന്ന് എത്തിയ എക്സൈസ്-പൊലീസ് സംഘങ്ങളെ ആക്രമിച്ചത് ഏറെ വിവാദമായിരുന്നു. വിവാഹ ചടങ്ങിനായി കോട്ടൂരിലൂടെ നടന്നുപോയ എക്സൈസ് ഉദ്യോഗസ്ഥനെ വീട്ടുകാരുടെ മുന്നിൽ വെച്ചാണ് ഇത്തരം സംഘങ്ങൾ ആക്രമിച്ചത്.
കോട്ടൂരിലെ ഓഡിറ്റോറിയവും കുറ്റിച്ചലിൽ വ്യാപാര സ്ഥാപനവും നടത്തുന്ന ഉടമയെ ഉത്തരംകോട് ചപ്പാത്ത് വെച്ച് ബൈക്കിലെത്തിയ സംഘം തടഞ്ഞുനിർത്തി ആക്രമിച്ച് കയ്യിലുണ്ടായിരുന്ന തുക പിടിച്ചു പറിക്കുകയും ചെയ്തത് മാസങ്ങൾക്ക് മുൻപാണ്. എന്നാൽ പ്രതികൾ സ്റ്റേഷൻ ജാമ്യത്തിലിറങ്ങിപ്പോയി.
ഇക്കഴിഞ്ഞ ഒന്നാം തീയതി കാരിയോട് ആയില്യം വീട്ടിൽ സുനിൽ(58)പാട്ടത്തിനെടുത്ത ഉത്തരംകോട്ടെ ഒരേക്കറിൽ ഉള്ള വാഴത്തോട്ടത്തിൽ നിന്നും കപ്പകുലകൾ മോഷ്ടിച്ചതും ഇത്തരം സംഘമാണ്.ഇതിൽ രണ്ട്പേരെ നെയ്യാർഡാം പൊലീസ് പിടികൂടി റിമാൻഡ് ചെയ്തിരുന്നു.ഈ സംഭവത്തിൽ മൂന്ന് പ്രതികളെ ഇനിയും പിടികൂടാനുണ്ട്.
സാമൂഹ്യവിരുദ്ധ
ശല്യം രൂക്ഷം
രാത്രി 10മണി കഴിഞ്ഞാൽ ഉത്തരംകോട്-കോട്ടൂർ റോഡ് സാമൂഹ്യ വിരുദ്ധർ കയ്യടക്കുമെന്നാണ് പ്രദേശവാസികൾ പറയുന്നത്. നടുറോഡിൽ കിടക്കുന്ന ഇത്തരക്കാർ വാഹനമെത്തി ഹോൺ അടിച്ചാൽ പോലും റോഡിൽ നിന്നും മാറാറില്ല. വാഹനങ്ങളിൽ നിന്നും ഇറങ്ങി ചോദ്യം ചെയ്യുന്നവരെ ഉപദ്രവിച്ച് പണം പിടിച്ചുപറിച്ചാണ് വിടുന്നതെന്നും ഇരയായവർ പറയുന്നു.
പൊലീസ് എയിഡ്
പോസ്റ്റ് സ്ഥാപിക്കാം
നെയ്യാർഡാം പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ഉത്തരംകോട്,ചപ്പാത്ത്,കോട്ടൂർ പ്രദേശങ്ങൾ. നൈറ്റ് പട്രോളിംഗ് നടത്തണമെങ്കിൽ കിലോമീറ്ററുകൾ താണ്ടിവേണം ഈ പ്രദേശത്ത് പൊലീസിന് എത്താൻ. കോട്ടൂർ പ്രദേശത്ത് സ്ഥിരമായി പൊലീസ് എയിഡ് പോസ്റ്റ് സ്ഥാപിക്കാൻ നടപടി വേണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.