നെടുമങ്ങാട്: താലൂക്കാസ്ഥാനത്ത് ചന്തമുക്ക് മുതൽ ജില്ലാ ആശുപത്രി വരെയുള്ള റോഡിൽ ഡ്രൈയിനേജ് പൊട്ടിപ്പൊളിഞ്ഞ് അപകടം തുടർക്കഥയാവുന്നു. റോഡിന് വീതി കുറവായതിനാൽ കൂടുതൽ സമയവും ഈ ഭാഗത്ത് ഗതാഗതക്കുരുക്കു പതിവാണ്.ഇതിനിടയിൽ വഴിയാത്രക്കാരും വാഹനങ്ങളും അപകടത്തിൽപ്പെടുന്നതും നിത്യസംഭവമാണ്. വളരെയധികം ചെറുകിട വ്യാപാരസ്ഥാപനങ്ങൾ റോഡിന്റെ വശങ്ങളിൽ പ്രവർത്തിക്കുന്നതിനാൽ ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ പാർക്ക് ചെയ്യുന്നതാണ് ഗതാഗത കുരുക്കിന് കാരണമെന്ന് പരാതിയുണ്ട്.
ഡ്രൈയിനേജ് തകർന്നിട്ട് വർഷങ്ങളായി.പുനർനിർമ്മാണ പ്രവർത്തനങ്ങൾ നടത്തണമെന്ന പ്രദേശവാസികളുടെയും കച്ചവടക്കാരുടെയും ആവശ്യം അംഗീകരിക്കുവാൻ മരാമത്ത് അധികൃതർ തയ്യാറായിട്ടില്ല. നെടുമങ്ങാട് ടൗൺ മുസ്ലിം ജമാഅത്തിന് സമീപത്തുള്ള ഡ്രൈയിനേജ്തകർന്നതോടെ അപകടങ്ങളിൽ നിന്ന് രക്ഷനേടുന്നതിനായി സ്ഥാപിച്ചിട്ടുള്ള പ്ലാസ്റ്റിക് സിഗ്നൽ ഓടയിൽ വീണുകിടപ്പാണ്.
മാലിന്യങ്ങൾ കെട്ടിക്കിടക്കുന്നു
ഓടകളിലൂടെ ഒഴുകിയെത്തുന്ന മാലിന്യങ്ങൾ കെട്ടി നിന്ന് ദുർഗന്ധം വമിക്കുന്നത് വ്യാപാരികളേയും സമീപവാസികളെയും വീർപ്പുമുട്ടിക്കുകയാണ്. ജില്ലാ ആശുപത്രിയിലേക്കും ഡോക്ടർമാരുടെ പ്രാക്ടീസ് മുറികളിലേക്കുംഇതുവഴി പോകുന്നവർ മൂക്ക് പൊത്താതെ പറ്റില്ല.വിവിധ രാഷ്ട്രീയകക്ഷി പ്രവർത്തകർ ഓട നിർമ്മാണം അടിയന്തരമായി നടത്തണമെന്നാവശ്യപ്പെട്ട് അധികാരികൾക്ക് പരാതി നൽകിയിട്ടും നടപടിയുണ്ടാകുന്നില്ല.