തിരുവനന്തപുരം: നഗരത്തിലെ സ്ത്രീകളെ കൃഷിയിലേക്ക് ശാക്തീകരിക്കാൻ ഒരുകോടി രൂപയുടെ പദ്ധതി ഉൾപ്പെടുത്തി നഗരസഭ ഗ്രീൻ ബഡ്ജറ്റ്. അടുക്കളത്തോട്ടം,മത്സ്യക്കൃഷി,ഹോർട്ടികൾച്ചർ എന്നിവയിലൂടെ സ്ത്രീകൾക്ക് വരുമാനം നേടിയെടുക്കുന്നതിനുള്ള പദ്ധതികളാണ് ആവിഷ്കരിച്ചിരിക്കുന്നത്. 2025– 2026 സാമ്പത്തിക വർഷത്തെ ഗ്രീൻ ബഡ്ജറ്റിൽ 596.86 കോടി രൂപയാണ് ഹരിത പ്രോത്സാഹന പ്രവർത്തനങ്ങൾക്ക് വകയിരുത്തിയിരിക്കുന്നത്.മൊത്തം ബഡ്ജറ്റ് തുകയുടെ 30.9 ശതമാനമാണിത്.
തണ്ണീർത്തട സംരക്ഷണം, നഗര വനവത്കരണം,കുളങ്ങളുടെ പുനരുജ്ജീവനം തുടങ്ങിയ പദ്ധതികളും നടപ്പാക്കുമെന്ന് ഹരിത ബഡ്ജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്.

നിരീക്ഷണത്തിന് പുതിയ സെൽ

ബഡ്ജറ്റിലെ നിർദേശങ്ങൾ നടപ്പാക്കാനും ചെലവുകൾ നിരീക്ഷിക്കാനും ക്ലൈമറ്റ് ഫിനാൻസ് സെൽ സ്ഥാപിക്കും. ഊർജ്ജ മേഖലയ്ക്ക് 95.54 കോടിയാണ് ബഡ്ജറ്റിൽ അനുവദിച്ചിരിക്കുന്നത്. പുനരുപയോഗ ഊർജ്ജ പദ്ധതികൾ, ഗ്രിഡ് നവീകരണം,ഊർജ്ജ കാര്യക്ഷമതാപദ്ധതികൾ എന്നിവ നടപ്പാക്കാൻ ഈ തുക ഉപയോഗിക്കാം. കൃഷി,വനം, മറ്റ് ഭൂവിനിയോഗ മേഖലയ്ക്ക് 125.78 കോടിയും മാലിന്യ സംസ്കരണ മേഖലയ്ക്ക് 132.54 കോടിയുമാണ് വകയിരുത്തൽ. മാലിന്യ സംസ്കരണ കേന്ദ്രങ്ങൾ, റീസൈക്ലിംഗ് പ്ലാന്റുകൾ,മെറ്റീരിയൽ റിക്കവറി സൗകര്യങ്ങൾ, മലിനജല ശുദ്ധീകരണ പ്ലാന്റുകൾ തുടങ്ങിയവ സ്ഥാപിക്കാൻ ഈ ഫണ്ട് വിനിയോഗിക്കും.

മറ്റ് പദ്ധതികൾ

വിമാനത്താവളവുമായി സഹകരിച്ച് തിരുവനന്തപുരം മുതൽ കോവളം വരെ ഗ്രീൻ കോറിഡോർ

200 വനിതാ ഡ്രൈവർമാർക്ക് 100 ഇലക്ട്രിക് കാറുകൾ
ഓരോ വാർഡിലെയും ഹരിതകർമ്മ സേനയ്ക്ക് ഇലക്ട്രിക് വാഹനം
മിയാവാക്കി വനം ഒരുക്കുന്നതിന് ഒരുലക്ഷം രൂപ
പഴച്ചെടികളുടെ നടലിനും പരിപാലനത്തിനും 5,17,500
വിളപരിപാലനത്തിനുള്ള റെയിൻ ഷെൽട്ടർ നിർമ്മാണ പദ്ധതിക്ക് 1,34,000
ദുരിതാശ്വാസ ഫണ്ടിലേക്ക് 4 കോടി
ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് 24 കോടി

ലോക റെക്കാഡ്

തലസ്ഥാനത്തെ കാർബൺരഹിതമാക്കുന്നതിനായി വിദ്യാർത്ഥികൾ കൈകോർത്ത് പുത്തരിക്കണ്ടം മൈതാനത്ത് വിത്ത് കൊണ്ടുള്ള സ്വീഡ് ബാൾ നിർമ്മാണം വേൾഡ് ബുക്ക് ഒഫ് റെക്കാഡ്സിലേക്ക്. ഇതിന്റെ പ്രൊവിഷണൽ സർട്ടിഫിക്കറ്റ് വേൾഡ് ബുക്ക് ഒഫ് റെക്കാഡ്സ് ഇന്ത്യ പ്രതിനിധി റെനീഷ്,മേയർ ആര്യാ രാജേന്ദ്രന് കൈമാറി. പങ്കെടുത്ത വിദ്യാർത്ഥികൾക്ക് ലണ്ടനിലെ ആസ്ഥാനത്ത് നിന്ന് സർട്ടിഫിക്കറ്റുകൾ ലഭിക്കും. 6000 കുട്ടികൾ മൂന്ന് മണിക്കൂർ കൊണ്ട് നാലുലക്ഷം സീഡ് ബാളുകൾ നിർമ്മിച്ചാണ് റെക്കാഡിട്ടത്.