gr-anil

തിരുവനന്തപുരം: റേഷൻകട ഉടമകളുടെ പ്രായം 70 കഴിഞ്ഞാൽ ലൈസൻസ് പുതുക്കി നൽകേണ്ടെന്ന സിവിൽ സപ്ലൈസ് കമ്മിഷണറുടെ സർക്കുലർ മന്ത്രി ജി.ആർ.അനിൽ മരവിപ്പിച്ചു. സർക്കുലറിനെതിരെ റേഷൻ വ്യാപാരികൾ മന്ത്രിയെ സമീപിച്ചതോടെയാണ് ആറു മാസത്തേക്ക് സർക്കുലർ മരവിപ്പിച്ചത്. വ്യാപാരികളുടെ അഭിപ്രായം കേട്ട ശേഷമാകും തുടർ നടപടികൾ. നിലവിൽ 70 വയസ്സ് പിന്നിട്ടവർ ലൈസൻസ് അനന്തരാവകാശിക്കു മാറ്റി നൽകണം. 2026 ജനുവരി 20നകം ഇങ്ങനെ മാറ്റി നൽകാത്ത ലൈസൻസുകളണ് റദ്ദാക്കി പുതിയ ലൈസൻസിയെ നിയമിക്കണമെന്നാണ് സർക്കുലറിലുള്ളത്.

റേഷനിംഗ് കൺട്രോൾ ഓർഡർ പ്രകാരം റേഷൻ വ്യാപാരികൾക്ക് 62 വയസ്സ് പ്രായപരിധി നിശ്ചയിച്ചിരുന്നെങ്കിലും കർശനമാക്കിയിരുന്നില്ല. 2021ൽ കെ.ടി.പി.ഡി.എസ് നിലവിൽ വന്നതോടെ എല്ലാ വ്യാപാരികൾക്കും 5 വർഷത്തേക്കു ലൈസൻസ് നീട്ടിനൽകി. ആ കാലാവധി 2026ൽ കഴിയുമെന്നിരിക്കെ പ്രായമേറെയുള്ള വ്യാപാരികൾക്കു ലൈസൻസ് നീട്ടി നൽകുന്നതു സംബന്ധിച്ച് ആശയക്കുഴപ്പം ഉണ്ടായിരുന്നു.തുടർന്നാണു വ്യക്തത വരുത്തി സർക്കുലർ പുറത്തിറങ്ങിയത്. കെ.ടി.പി.ഡി.എസ് നിലവിൽ വന്ന 2021നു ശേഷം ലൈസൻസ് എടുത്തവർക്കു മാത്രമേ പ്രായപരിധി നടപ്പാക്കാവൂ എന്നും അവർ ആവശ്യപ്പെടുന്നു.

''നിയമം തെറ്റായി വ്യാഖ്യനിച്ചാണ് സർക്കുലർ ഇറക്കിയത്.റേഷൻ വ്യാപാരിക്ക് മരണം വരെ കട നടത്താനുള്ള അവകാശമുണ്ട്''- ജി.ശശിധരൻ, ജനറൽ സെക്രട്ടറി, കേരള റേഷൻ എംപ്ലോയീസ് യൂണിയൻ