civil-service

തിരുവനന്തപുരം: സിവിൽ സർവീസ് ഉദ്യോഗസ്ഥർ ജനാധിപത്യത്തോട് ആദരവ് പുലർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പരീക്ഷയിൽ ഉന്നത വിജയം നേടിയവരെ ആദരിക്കാൻ സിവിൽ സർവീസ് അക്കാഡമി നടത്തിയ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു. ജനാധിപത്യമുണ്ടെങ്കിൽ മാത്രമേ സർവീസിനും നിലനിൽപൊള്ളുവെന്ന് മറക്കരുത്. മുന്നിലെത്തുന്ന സാധാരണക്കാരന്റെ മുഖത്തെ ചിരിയാണ് ഉദ്യോഗസ്ഥർക്ക് കിട്ടുന്ന ഏറ്റവും വലിയ പാരിതോഷികം. കേരളത്തിന് പുറത്ത് ജോലിക്ക് പോകുന്ന സിവിൽ ഉദ്യോഗസ്ഥർ കേരളത്തിലെ മതനിരപേക്ഷതയും സാമൂഹ്യശാന്തിയും പെരുമാറ്റത്തിലും പ്രകടിപ്പിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. മാസ്കോട്ട് ഹോട്ടലിൽ നടന്ന ചടങ്ങിൽ മന്ത്രി ഡോ.ആർ.ബിന്ദു അദ്ധ്യക്ഷത വഹിച്ചു. ചീഫ് സെക്രട്ടറി ഡോ.എ.ജയതിലക്,സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ,വനംവകുപ്പ് മേധാവി രാജേഷ് രവീന്ദ്രൻ, സിവിൽ സർവീസ് അക്കാ‌ഡമി ഡയറക്ടർ കെ.സുധീർ എന്നിവർ പങ്കെടുത്തു. ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ശർമ്മിള മേരി ജോസഫ് സ്വാഗതം പറഞ്ഞു. മികച്ച വിജയം കൈവരിച്ച് ഇന്ത്യൻ സിവിൽ സർവീസിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 46 പേരെ അനുമോദിച്ചു. ഇവർക്ക് 25ന് മസൗറിയിൽ പരിശീലനം തുടങ്ങാനിരിക്കെയാണ് സർക്കാർ അനുമോദനം നൽകിയത്. ഭിന്നശേഷിയെ അതിജീവിച്ച് വിജയം കൈവരിച്ച അജയ് ആർ.രാജ, നിസ ഉണ്ണിരാജൻ,സാഗർ മോഹൻദാസ് എന്നിവരെ ചടങ്ങിൽ അനുമോദിച്ചു.