qq

തിരുവനന്തപുരം: ആശുപത്രികളിൽ പനി ബാധിതരുൾപ്പെടെ സ്പർശിക്കുന്ന ഡോർ ഹാൻഡിലുകളിൽ തൊടുമ്പോൾ മറ്റുള്ളവർക്കും രോഗം വരാനുള്ള സാദ്ധ്യത കൂടുതലായിരിക്കും. നേരിട്ട് തൊടാതെ സെൻസറുകളിലൂടെ ഡോർ തുറക്കാനായാലോ? ഐഡിയ നരുവാമൂട് ചിന്മയ സ്കൂൾ വിദ്യാർത്ഥികളുടേതാണ്. കവടിയാർ നിർമ്മലാ ഭവൻ സ്കൂൾ സംഘടിപ്പിച്ച ഇന്റർ സ്കൂൾ റോബോട്ടിക് ഫെസ്റ്റ് 'യന്ത്ര യുദ്ധിലാണ്' വിദ്യാർത്ഥികൾ തങ്ങളുടെ ഉപകരണം അവതരിപ്പിച്ചത് ഗോസ്റ്റ് ലോക്കെന്നാണ് കുഞ്ഞൻ ഉപകരണത്തിന് വിദ്യാർത്ഥികൾ നൽകിയ പേര്.കുറച്ചധികം മാറ്റങ്ങൾ വരുത്തിയാൽ ഉപകരണം മികവുറ്റതാക്കാമെന്ന് ഇവർ പറയുന്നു. അൾട്രാസോണിക്ക് സെൻസർ,മോട്ടോർ,ബാറ്ററി ഉൾപ്പെടെയുള്ള അടിസ്ഥാനഭാഗങ്ങൾ അടങ്ങുന്ന കിറ്റ് വിദ്യാർത്ഥികൾക്ക് നൽകിയായിരുന്നു മത്സരം. റോബോട്ടിക്ക് വാഹനങ്ങൾ, കാഴ്ചപരിമിതർക്കുള്ള ഗ്ലാസുകൾ എന്നിവയും കുട്ടി ശാസ്ത്രജ്ഞർ കണ്ടുപിടിച്ചു. ലൂർദ് ഫെറോന ചർച്ച് വികാരി ജനറൽ ഫാദർ ജോൺ തെക്കേക്കര സ്കൂളിൽ നടന്ന സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു.സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ലിൻസ് ആലയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. 25ലധികം സ്കൂളുകളിലെ വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കെടുത്തു.പള്ളിമൺ സിദ്ധാർത്ഥ സെൻട്രൽ സ്കൂൾ വിദ്യാർത്ഥികൾ വിജയികളായി. പങ്കെടുത്ത എല്ലാ ടീമുകൾക്കും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.