ശ്രീകാര്യം: ഒരുകാലത്ത് കൃഷിക്കും ജലസേചനത്തിനും ഉപയോഗിച്ചിരുന്ന ഉള്ളൂർ ഭാസി നഗർ കണ്ണോട്ടുകോണം കാരുണ്യ ലെയിനിലെ പറക്കോട്ടുകോണം കുളം നവീകരണമില്ലാതെ നാശത്തിന്റെ വക്കിൽ. തെളിനീരായിക്കിടന്ന കുളത്തിന് സമീപത്തായി കാലക്രമേണ വീടുകളും മറ്റും ഉയർന്നതോടെ കെട്ടിടത്തിന്റെ കഷ്ടകാലവും തുടങ്ങി. മുമ്പ് പലസ്ഥലത്തുനിന്നായി കുളത്തിലേക്കെത്തുന്ന വെള്ളം ചാലുകളിലൂടെ സമീപത്തെ കൃഷിയിടങ്ങളിലേക്ക് എത്തിക്കാറുണ്ടായിരുന്നു. നിലങ്ങളും കൃഷിയിടങ്ങളും നികത്തി ബഹുനില കെട്ടിടങ്ങൾ ഉയർന്നതോടെ വെള്ളം ഒഴുകിയിരുന്ന ചാലുകൾ നികത്തപ്പെടുകയും മറ്റ് മാലിന്യങ്ങൾ കുളത്തിലേക്ക് ഒഴുകിയെത്തുകയും ചെയ്തു. ക്രമേണ കുളത്തിലെ വെള്ളം ആരും ഉപയോഗിക്കാതെയായി.
നാശത്തിലേക്ക് കൂപ്പുകുത്തി
വർഷങ്ങൾക്ക് മുമ്പ് നഗരസഭയുടെ നേതൃത്വത്തിൽ കാടുവെട്ടിത്തെളിച്ച് വൃത്തിയാക്കിയിരുന്നു.
സമീപ പ്രദേശങ്ങളെ അപേക്ഷിച്ച് കുളം സ്ഥിതി ചെയ്യുന്ന പ്രദേശം താഴ്ന്ന സ്ഥലമായതിനാൽ കുളത്തിന് ചുറ്റും മതിൽ പോലെ ഉയർത്തി പാർശ്വഭിത്തികൾ നിർമ്മിച്ചു. എന്നാൽ കുളത്തിന് സമീപത്തെ സ്വകാര്യ ഭൂമി മണ്ണിട്ട് പൊക്കി ഫ്ലോട്ടു തിരിച്ച് വിറ്റതോടെ കുളത്തിന് ചുറ്റും നിർമ്മിച്ചിരുന്ന പാർശ്വഭിത്തി പൂർണമായി ഇടിഞ്ഞ് അവശിഷ്ടങ്ങളും മണ്ണും കുളത്തിലേക്ക് വീണു. കൂടാതെ കുളത്തിന് ചുറ്റും കാടുമൂടുകയും ചെയ്തു.
വൃത്തിയാക്കിയിട്ടും
ഇടയ്ക്ക് കുളം വൃത്തിയാക്കി മീൻ വളർത്തിയിരുന്നു. പിന്നീട് അതും നിലച്ചു. കുളം നവീകരിക്കണമെന്ന നാട്ടുകാരുടെ ഏറെ നാളത്തെ ആവശ്യം ഇതുവരെ നടപ്പായില്ല. നഗരസഭയുടെ നേതൃത്വത്തിൽ കുളം വൃത്തിയാക്കിയെങ്കിലും ഏറെ താമസിയാതെ വീണ്ടും പഴയ അവസ്ഥയിലായി.
പ്രതികരണം
കടകംപള്ളി സുരേന്ദ്രൻ എം.എൽ.എയുടെ ആസ്തിവികസന പദ്ധതിയിൽപ്പെടുത്തി പറക്കാേട്ടുകോണം കുളം നവീകരിക്കാൻ തീരുമാനമെടുത്തിട്ടുണ്ട്. ടെൻഡർ നടപടികൾ പൂർത്തിയാക്കി നവീകരണം ഉടൻ ആരംഭിക്കും - ആതിര,നഗരസഭ ഉള്ളൂർ വാർഡ് കൗൺസിലർ
അവഗണനയിൽ തുടരുന്ന പറക്കോട്ടുകോണം കുളത്തിന്റെ നവീകരണപദ്ധതി അംഗീകരിച്ച് പണികൾ ഉടൻ ആരംഭിക്കുമെന്ന് പറയാൻ തുടങ്ങിയിട്ട് വർഷങ്ങളായി. നവീകരണം ഇനിയും നീണ്ടാൽ സമരപരിപാടികൾക്ക് നേതൃത്വം നൽകേണ്ടിവരും -
ജയകുമാർ, ബി.ജെ.പി. ഏരിയാ പ്രസിഡന്റ്