വെഞ്ഞാറമൂട്: ഓണപ്പാച്ചിലിൽ സദ്യയൊരുക്കാൻ മിനക്കെടേണ്ട.സദ്യയുമായി കാറ്ററിംഗുകാർ വീട്ടിലെത്തും. സദ്യ കെങ്കേമമാക്കാനുള്ള ഒരുക്കത്തിലാണ് കാറ്ററിംഗ് സ്ഥാപനങ്ങൾ.വീട്ടിൽ സദ്യയൊരുക്കാൻ സാധിക്കാത്തവർക്ക് അടിപൊളി സദ്യ വീട്ടിലെത്തിച്ച് നൽകും.വിളമ്പാനുള്ള ഇലയും കുത്തരിച്ചോറും രണ്ടിനം പായസവുമടക്കം 20ലേറെ വിഭവങ്ങളുമായുള്ളതാണ് മിക്ക കാറ്ററിംഗ് സ്ഥാപനങ്ങളുടെയും ഓണസദ്യ.
വാട്‌സാപ്പിലൂടെ ഓർഡർ നൽകാം.പണം ഓൺലൈനായി അടയ്ക്കാം.അഞ്ചുപേർക്കുള്ള സദ്യയ്ക്ക് രണ്ട് പായസവും 20ൽ അധികം വിഭവങ്ങളുമുൾപ്പടെ 1200 രൂപ മുതലാണ് നിരക്ക്.തിരുവോണ ദിവസങ്ങളിൽ പല കാറ്ററിംഗ് സ്ഥാപനങ്ങൾക്കും ഹോം ഡെലിവറിയുണ്ടാവില്ല.അടുത്ത ദിവസം തിരിച്ചേല്പിക്കണമെന്ന കരാറിൽ സദ്യയ്ക്കുള്ള വിഭവങ്ങൾ പാത്രങ്ങളിൽ തന്നുവിടും. ചില സ്ഥാപനങ്ങൾ പ്രത്യേക ബോക്സുകളിലും നൽകും.
വീട്ടിലെത്തും സദ്യ
ഉപ്പേരി,പഴം,പപ്പടം,അച്ചാർ,രണ്ടുതരം പായസം,ചോറ്,ഓലൻ,രസം,ഇഞ്ചിക്കറി,പച്ചടി,സാമ്പാർ,അവിയൽ,പരിപ്പുകറി, എരിശേരി, കാളൻ, കിച്ചടി,തോരൻ തുടങ്ങിയവയാണ് സദ്യയിലുള്ളത്. ഇഷ്ടമുള്ള പായസം ഓർഡർ ചെയ്യാം.
ഒരാൾക്കുള്ള സദ്യയ്ക്ക് വില - 150 - 400 രൂപ വരെ
പാലട, അടപ്രഥമൻ, പരിപ്പ്, പഴം, കരിക്ക്, പൈനാപ്പിൾ, ഗോതമ്പ് തുടങ്ങിയ പായസങ്ങൾ ലിറ്ററിന് 200- 250 രൂപ നിരക്കിൽ ലഭിക്കും.പായസം, മറ്റ് വിഭവങ്ങൾ എന്നിവ മാത്രമായും നൽകും.