വിതുര: വിനോദസഞ്ചാര കേന്ദ്രമായ കല്ലാർ മീൻമുട്ടി വെള്ളച്ചാട്ടം തുറക്കണമെന്നാവശ്യം ശക്തമാകുന്നു. പൊൻമുടി വനമേഖലയിൽ പെയ്ത കനത്തമഴയെ തുടർന്ന് പൊൻമുടിക്കൊപ്പം ദുരന്തനിവാരണ അതോറിട്ടിയുടെ നിർദ്ദേശപ്രകാരം കഴിഞ്ഞമാസം മീൻമുട്ടിയും അടച്ചിരുന്നു. ഒരാഴ്ച പിന്നിട്ടപ്പോൾ പൊൻമുടി തുറന്ന് പ്രവർത്തനം ആരംഭിച്ചെങ്കിലും മീൻമുട്ടി തുറന്നില്ല. മീൻമുട്ടി വെള്ളച്ചാട്ടം തുറക്കണമെന്നാവശ്യപ്പെട്ട് കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതിനെ തുടർന്ന് ഡി.എഫ്.ഒ ഷാനവാസ് പ്രശ്നത്തിലിടപെട്ട് മീൻമുട്ടി തുറന്നെങ്കിലും രണ്ട് ദിവസം കഴിഞ്ഞപ്പോൾ വീണ്ടും അടച്ചു. രണ്ടാഴ്ചയായി മീൻമുട്ടി അടഞ്ഞുകിടക്കുകയാണ്. സന്ദർശനത്തിനായി പാസ് ചോദിച്ച് ധാരാളം ടൂറിസ്റ്റുകൾ കല്ലാർ വനസംരക്ഷണ സമിതിയുടെ ചെക്ക് പോസ്റ്റിലെത്തുന്നുണ്ട്. പൊൻമുടി, ബോണക്കാട് വനമേഖലയിൽ ശക്തമായ മഴപെയ്തതോടെ നദിയിലെ നീരൊഴുക്ക് ഗണ്യമായി ഉയർന്ന് കല്ലാറിലേക്ക് മലവെള്ളപ്പാച്ചിലുണ്ടായിരുന്നു. പ്രതികൂലകാലാവസ്ഥയും, മലവെള്ളപ്പാച്ചിലും മുൻനിറുത്തിയാണ് മീൻമുട്ടി അടച്ചതെന്നാണ് വനപാലകർ പറയുന്നത്.

പുതിയ നടപ്പാലം

യാഥാർത്യമായില്ല

നേരത്തേ മഴ പെയ്തപ്പോൾ നദിയിലെ ജലനിരപ്പ് ഉയർന്ന് സഞ്ചാരികൾ മീൻമുട്ടിയിൽ കുടുങ്ങിയ സംഭവവുമുണ്ടായിട്ടുണ്ട്. നേരത്തേ മലവെള്ളപ്പാച്ചിലിൽ മീൻമുട്ടിയിലേക്കുള്ള നടപ്പാലവും തകർന്നിരുന്നു. പുതിയ നടപ്പാലം നിർമ്മിക്കുമെന്ന് വനപാലകർ പ്രഖ്യാപിച്ചെങ്കിലും നടന്നില്ല. മഴയുടെ ശക്തി കുറഞ്ഞാൽ അടുത്ത ആഴ്ചയോടെ മീൻമുട്ടി വീണ്ടും തുറക്കാനാണ് വനംവകുപ്പിന്റെ തീരുമാനം.

പൊൻമുടിയിൽ തിരക്ക്

പ്രതികൂല കാലാവസ്ഥയാണെങ്കിലും പൊൻമുടിയിൽ തിരക്ക് അനുഭവപ്പെടുന്നുണ്ട്. പൊൻമുടിയിൽ മഴക്കൊപ്പം മൂടൽമഞ്ഞും കാറ്റും തണുപ്പുമുണ്ട്. മഞ്ഞ് വീഴ്ച വ്യാപിച്ചതോടെയാണ് സഞ്ചാരികളുടെ എണ്ണം കൂടിയത്.പൊൻമുടിയിൽ കാട്ടുമൃഗങ്ങളുടെ സാന്നിദ്ധ്യവുമുണ്ട്.

കല്ലാർ മീൻമുട്ടി വെള്ളച്ചാട്ടം തുറക്കണം. പൊൻമുടിയിലെത്തുന്ന ധാരാളം വിനോദസഞ്ചാരികൾ മീൻമുട്ടി സന്ദർശിക്കാനായി പാസ് ചോദിച്ചെത്തുന്നുണ്ട്. മീൻമുട്ടിയിൽ അടിസ്ഥാനസൗകര്യങ്ങളും മെച്ചപ്പെടുത്തണം. നടപ്പാലം നിർമ്മിക്കണം.

കല്ലാർ എക്സ് സർവീസ് മെൻസ്

റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ