തിരുവനന്തപുരം: കാടിന്റെ മണമുള്ള പുസ്തകങ്ങൾ മതിയാകുവോളം വായിക്കാം. സിവിൽ സർവീസ് ഉൾപ്പെടെയുള്ള മത്സരപ്പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് സ്വന്തം പുസ്തകങ്ങളുമായെത്തി പഠിക്കാം. നൂറുവർഷത്തിലധികം പഴക്കമുള്ള വഴുതക്കാട് വനംവകുപ്പ് ആസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ഫോറസ്റ്റ് ലൈബ്രറിയിൽ സന്ദർശകരുടെ വർദ്ധന. ഡെറാഡൂണിലെ ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് വരെ, അപൂർവങ്ങളായ പുസ്തകങ്ങൾ തേടി ഇവിടേക്ക് ആളെത്തുന്നുണ്ട്. മണിക്കൂറിന് ഭീമമായ തുക വാങ്ങുന്ന റീഡിംഗ് റൂമുകൾ തലസ്ഥാനത്ത് വർദ്ധിക്കുന്ന കാലത്തും ഫോറസ്റ്റ് ലൈബ്രറിയിലിരുന്ന് പഠിക്കുന്നതിന് പണമൊന്നും നൽകേണ്ട. വനംവകുപ്പിന്റെ 1947ൽ മുദ്രണം ചെയ്ത എൽ.എ.കൃഷ്ണയ്യരുടെ ഫോറസറ്റ് മാനുവൽ ഇവിടെയുണ്ട്. ട്രാവൻകൂർ സ്റ്റേറ്റ് മാനുവൽ, തിരുവിതാംകൂർ, കൊച്ചി, മലബാർ മേഖലകളുടെ ഭരണറിപ്പോർട്ടുകളുടെ 1860 മുതലുള്ള ശേഖരം, വനംവകുപ്പിന്റെ ഭരണരീതികൾ വ്യക്തമാക്കുന്ന ട്രാവൻകൂർ ആൻഡ് കൊച്ചിൻ ഫോറസ്റ്റ് കോഡ്, സെൻസസ് രേഖകൾ, ലാൻഡ് റവന്യു മാനുവലുകൾ...അങ്ങനെ നീളുന്നു ലൈബ്രറിയിലെ പുസ്തകസമ്പത്ത്. ഫോറസ്റ്റ് സംബന്ധമായതും പൊതുവായതുമായ 28000ലധികം പുസ്തകങ്ങൾ ഇവിടെയുണ്ടെന്നാണ് കണക്ക്. തുടക്കത്തിൽ ഫോറസ്റ്റ് ജീവനക്കാർക്ക് മാത്രമായിരുന്നു ലൈബ്രറിയിലിരുന്ന് വായിക്കാൻ അവസരം. കഴിഞ്ഞവർഷം ലൈബ്രറി നവീകരിച്ചതിന് ശേഷമാണ് പൊതുജനങ്ങൾക്കും തുറന്നുകൊടുത്തത്. എന്നാൽ, നിലവിൽ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് മാത്രമാണ് പുസ്തങ്ങൾ കൊടുത്തുവിടുന്നത്.
'സ്മാർട്ട്"ലൈബ്രറി
ലൈബ്രറിയിൽ നൂറുവർഷത്തിലധികം പഴക്കമുള്ള പുസ്തകങ്ങളുണ്ട്. കുറച്ച് പുസ്തകങ്ങൾ ഡിജിറ്റലൈസ് ചെയ്തിട്ടുണ്ട്. രാവിലെ 10.15 മുതൽ വൈകിട്ട് 5.15 വരെയാണ് പ്രവർത്തനസമയം. അതിനുശേഷം പുസ്തകം മടക്കി നൽകണമെങ്കിൽ ഡ്രോപ്പ് ബോക്സിൽ നിക്ഷേപിക്കാം. ബുക്ക് കിയോസ്ക് വഴി പുസ്തകങ്ങൾ തിരഞ്ഞ് കണ്ടെത്താം. ചന്ദനത്തണൽ എന്നാണ് വായനാമുറിയുടെ പേര്. ലൈബ്രറിയിലെ ഹാളിൽ പുസ്തകച്ചർച്ചകൾ, പുസ്തകപ്രകാശനങ്ങൾ എന്നിവയും നടക്കാറുണ്ടെന്ന് ലൈബ്രേറിയൻ അസീന കേരളകൗമുദിയോട് പറഞ്ഞു.
ബ്രിട്ടീഷ് ടച്ച്
കൊല്ലം കേന്ദ്രമായി പ്രവർത്തിച്ചുകൊണ്ടിരുന്ന തിരുവിതാംകൂർ വനംവകുപ്പിന്റെ ആസ്ഥാന ഓഫീസ് 1920നാണ് വഴുതക്കാട്ടേക്ക് മാറ്റിയത്. അവിടെയുണ്ടായിരുന്ന ലൈബ്രറിയും ഇങ്ങോട്ടേക്ക് മാറ്റി. എന്നാൽ, ഇപ്പോഴത്തെ ലൈബ്രറി പ്രവർത്തിക്കുന്ന കെട്ടിടം അതിനും മുൻപേ ബ്രിട്ടീഷുകാർ നിർമ്മിച്ചതാണ്.