tree

കുറ്റിച്ചൽ: ഉത്തരംകോട്-കോട്ടൂർ പി.ഡബ്ല്യു.ഡി റോഡുകളിൽ അപകടഭീഷണിയായി വൻമരങ്ങൾ. റോഡിലെ ടാറിനോട് ചേർന്നുനിൽക്കുന്ന പഴക്കമുള്ള ആഞ്ഞിലി,തേക്ക്,പ്ലാവ്,മാവ് തുടങ്ങിയ മരങ്ങളാണ് ഇരുവശങ്ങളിലും നിൽക്കുന്നത്. കുറ്റിച്ചൽ മേലെ മുക്കിൽ നിന്നും ഉത്തരംകോട് വാഴപ്പള്ളി വഴി കോട്ടൂരിലേക്ക് പോകുന്ന റോഡിന്റെ ഇരുവശങ്ങളിലും നിൽക്കുന്ന വൻമരങ്ങൾ മുറിച്ചുമാറ്റുന്നതിന് അധികൃതർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല.

റോഡ് നവീകരണ പണികൾ മഴക്കാലമായതോടെ നിറുത്തിവച്ചിരിക്കുകയാണ്. പച്ചക്കാട്-കുന്നുംപുറത്ത് രണ്ട് വലിയ ആഞ്ഞിലി മരങ്ങളാണ് റോഡരികിൽ നിൽക്കുന്നത്. കുന്നുംപുറത്തു നിന്നും വള്ളിമംഗലത്തേക്ക് പോകുന്ന റോഡരികിൽ ഒരു പാലം ഉണ്ട്. ശക്തമായ കാറ്റും മഴയും ഉണ്ടായാൽ ഈ വൻമരം പാലത്തിലേക്ക് മറിഞ്ഞുവീഴാനും പാലം തകരാനും അതുവഴി യാത്രക്കാർക്ക് അപകടമുണ്ടാകാനും സാദ്ധ്യത ഏറെയാണെന്ന് പ്രദേശവാസികൾ പറയുന്നു.

റോഡ് ഇടിയുന്നു

കുന്നുംപുറം ഭാഗത്ത് റോഡിന്റെ ഒരുവശത്ത് സൈഡ്‌വാൾ പോലും കെട്ടിയിട്ടില്ലാത്തതിനാൽ റോഡ് നിരന്തരം ഇടിയുകയാണ്. കുറ്റിച്ചൽ- കോട്ടൂർ റോഡിൽ മാത്രം 26 മരങ്ങളാണ് ഇരുവശങ്ങളിലുമായി നിൽക്കുന്നത്. മാസങ്ങൾക്കു മുമ്പ് തുടങ്ങിയ റോഡുപണി എങ്ങുമെത്താതെ നിലനിൽക്കുന്നതിനാൽ വാഹനയാത്രക്കാർക്കും, കാൽനടയാത്രക്കാർക്കും ഭീഷണിയാണ്. റോഡിന്റെ പലഭാഗത്തും അറ്റകുറ്റപ്പണിക്കായി ടാർ ചെയ്തിരിക്കുന്നതിനാൽ ഇരുചക്രവാഹനങ്ങൾ ബുദ്ധിമുട്ടിയാണ് ഇതുവഴി കടന്നു പോകുന്നത്.

നടപടിയെടുക്കണം

ഓണം അടുക്കാറായതോടെ കോട്ടൂർ ആന പാർക്കിലേക്കുള്ള സഞ്ചാരികളുടെ തിരക്കും കൂടിയിട്ടുണ്ട്. പാഴ് മരങ്ങളും മറ്റ് മരങ്ങളും ഓണത്തിന് മുമ്പ് മുറിച്ചുമാറാൻ നടപടിവേണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. റോഡുപണി പൂർത്തിയാക്കുന്നതിനും തെരുവുവിളക്കുകൾ പൂർണ്ണമായും കത്തിക്കുന്നതിനും അടിയന്തര നടപടിയും വേണം.