p

തിരുവനന്തപുരം: വ്യാവസായിക പരിശീലന വകുപ്പിലെ പൊതുസ്ഥലം മാറ്റത്തിന് അപേക്ഷ ക്ഷണിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും അദ്ധ്യാപകവിഭാഗം ജീവനക്കാരുടെ സ്ഥലംമാറ്റം നടപ്പിലാക്കുന്നില്ല. സ്പാർക്ക് വഴിയുള്ള കരട് പട്ടിക പ്രസിദ്ധീകരിച്ചിട്ട് മാസം മൂന്ന് കഴിഞ്ഞു. അന്തിമപട്ടിക മനഃപൂർവം വൈകിപ്പിക്കുകയാണെന്നാണ് ആക്ഷേപം.
സംസ്ഥാനത്തെ നോൺ വെക്കേഷൻ സ്ഥാപനങ്ങളിലെ പൊതുസ്ഥലംമാറ്റം ഏപ്രിലോടെ പൂർത്തിയാക്കണമെന്ന ചട്ടം നിലനിൽക്കേ മാർച്ചിലാണ് അപേക്ഷ ക്ഷണിച്ചത്. അദ്ധ്യാപക വിഭാഗം ജീവനക്കാരുടെ സംഘടനയായ ഇൻഡസ്ട്രിയൽ ട്രെയിനിംഗ് ഡിപ്പാർട്ട്മെന്റ് ഇൻസ്ട്രക്ടേഴ്സ് ഓർഗനൈസേഷന്റെ (ഐ.ടി.ഡി.ഐ.ഒ ) ഇടപെടലിലൂടെയാണ് ഓൺലൈനായി സ്ഥലംമാറ്റത്തിന് കോടതി ഉത്തരവ് നേടിയത്. മറ്റെല്ലാ വിഭാഗത്തിന്റെയും സ്ഥലംമാറ്റം പൂർത്തിയാക്കിയിട്ടും ഇൻസ്ട്രക്ടർമാരുടെ സ്ഥലംമാറ്റം നീട്ടിക്കൊണ്ടുപോകുന്നത് കോടതി ഉത്തരവ് സമ്പാദിച്ചതിലുള്ള ചില ഉദ്യോഗസ്ഥരുടെ അമർഷം കാരണമാണെന്നും ആക്ഷേപമുണ്ട്.
സ്കൂളുകളിലും കോളേജുകളിലും അദ്ധ്യയന വർഷം തുടങ്ങി രണ്ടുമാസത്തിലേറെയായിട്ടും പൊതു സ്ഥലംമാറ്റ നടപടികൾ പൂർത്തിയാക്കാത്തത് ജീവനക്കാരുടെ മക്കളുടെ വിദ്യാഭ്യാസത്തെയും ബാധിക്കുന്നുണ്ട്. അന്തിമ ഉത്തരവ് ഇറങ്ങാത്തതിനാൽ സമരത്തിനൊരുങ്ങുകയാണ് അദ്ധ്യാപകർ.