ഉദിയൻകുളങ്ങര: ചിങ്ങം പിറക്കുമ്പോഴും വെറ്റില കൃഷിയിൽ ജീവിതമാർഗം നേടിയിരുന്ന കർഷകന് ഇന്ന് നഷ്ടം മാത്രമാണുള്ളത്. ക്ഷേത്ര ചടങ്ങുകൾക്കും വിവാഹത്തിനും നാട്ടുമരുന്നിനുമൊക്കെയാണ് വെറ്റില ഇന്ന് ഉപയോഗിക്കുന്നത്. വായ സുഗന്ധപൂരിതമാക്കാൻ ഉപയോഗിച്ചിരുന്ന മുറുക്കാനു പകരം പാൻമസാലകൾ എത്തിയതോടെ മുറുക്കാൻ അപ്രത്യക്ഷമായി.
പണ്ടുകാലങ്ങളിൽ എല്ലായിടത്തും ചെറിയരീതിയിൽ നനവുണ്ടായിരുന്ന ഭാഗത്തെല്ലാം വെറ്റില കൃഷി ചെയ്ത് കർഷകൻ സാമ്പത്തിക നേട്ടം കൈവരിച്ചെങ്കിലും ഇന്ന് കൃഷി പാടെ അന്യാദിനപ്പെട്ടിക്കുകയാണ്.
നാട്ടുമരുന്നിൽ വേദന സംഹാരിയായും ദഹന പ്രശ്നങ്ങൾ പരിഹരിക്കാനുമാണ് വെറ്റില അധികവും ഉപയോഗിക്കുന്നത്. നിരവധി മരുന്നുകളിൽ മുഖ്യ പങ്ക് വെറ്റിലച്ചാറിനുണ്ട്. വെറ്റില കൃഷിക്ക് കൊടി പടർത്താനുള്ള കയർ,ഈറ,മുള എന്നിവ യഥേഷ്ടം കിട്ടാതായതും വില വർദ്ധനവുണ്ടായതും വെറ്റില കൃഷിയെ പിന്നിലേക്കെറിഞ്ഞു.
മാരായമുട്ടം, ചെങ്കൽ, കൊല്ലയിൽ, നടുർകൊല്ല, ചെങ്കൽ കീഴ്മാകാം,വ്ലാത്താങ്കര,പൂഴിക്കുന്ന്,ഊരംവിള, കുളത്തൂർ,കാരോട്,അയിര,ചെങ്കവിള,പനയറത്തല,പെരുംതാന്നി,കണ്ണൻകുഴി,മരുതത്തൂർ, ഒറ്റശേഖരമംഗലം,പെരുങ്കടവിള,ആലത്തൂർ,പാറശ്ശാല,കാഞ്ഞിരംകുളം,പഴയകട എന്നിവിടങ്ങിലായിരുന്നു ഗ്രാമപ്രദേശങ്ങളിൽ അധികമായി വെറ്റില കൃഷി നടന്നിരുന്നത്.