തിരുവനന്തപുരം: ഞായറാഴ്ചയുടെ ആലസ്യം, തിരക്ക് തീരെ കുറഞ്ഞ റോഡ്... പക്ഷേ, കണ്ണടച്ച് തുറക്കും മുമ്പെയാണ് ജനറൽ ആശുപത്രിക്ക് മുന്നിലെ ഫുട്പാത്ത് ചോരക്കളമായത്. ഫുട്പാത്തിനോട് ചേർന്നുള്ള ഓട്ടോസ്റ്റാൻഡിലേക്ക് പാഞ്ഞുകയറിയ കാറാണ് തെരുവിൽ ചോര ചീന്തിയത്. അമ്മാവൻ അനന്തരവന് നൽകിയ ഡ്രൈവിംഗ് പരിശീലനം ഒടുവിൽ നാലുപേരുടെ ജീവനുകൾ തുലാസിലാക്കി.
ഓടിമാറാൻ പോലും അവസരം നൽകാതെ നാലുപേരെയും ഭ്രാന്തമായി ഓടിയെത്തിയ കാർ ഇടിച്ച് തെറിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടേകാലിനായിരുന്നു നഗരത്തെ നടുക്കിയ അപകടം. ഇരമ്പിവന്ന കാർ കൂടെയുള്ള രണ്ടുപേരുടെ ചോര വീഴ്ത്തുന്നത് കണ്ട ആഘാതത്തിലാണ് മറ്റ് ഓട്ടോ ഡ്രൈവർമാർ.
ജനറൽ ആശുപത്രിയിൽ അഡ്മിറ്റായിരുന്ന മകളുടെ അടുത്തുനിന്ന് വീട്ടിലേക്ക് പോകാനെത്തിയതായിരുന്നു വലിയതുറ പ്രതീക്ഷ ഫ്ളാറ്റിൽ താമസിക്കുന്ന ബേബി. തലനാരിഴയ്ക്ക് രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലും നേരിൽക്കണ്ട അപകടത്തിന്റെ ഞെട്ടലിലും കരച്ചിലോടെയാണ് ബേബി അപകടത്തെക്കുറിച്ച് വിവരിച്ചത്.
'വലിയൊരു ഇരച്ചിൽ പോലെയായിരുന്നു ആ ശബ്ദം. എന്താണ് സംഭവിക്കുന്നതെന്ന് മനസിലായില്ല. കാർ പാഞ്ഞുവരുന്നതും ഒരു പെൺകുട്ടിയും പയ്യനും മൂന്ന് ഡ്രൈവർമാരും തെറിച്ചുപോയി വീഴുന്നതും ചോരയിൽ അനക്കമില്ലാതെ കിടക്കുന്നതും ഞാൻ കണ്ടു. വീട്ടിലേക്ക് പോകാനായി ഓട്ടോകൂലിയുടെ പേരിൽ തർക്കിച്ച് അതുവരെ ഞാനും ആ ഓട്ടോയ്ക്ക് അടുത്തുണ്ടായിരുന്നു. അവിടെനിന്ന് കുറച്ച് ചുവട് വച്ചതേയുള്ളൂ. അപ്പോഴാണ് ആ വണ്ടി വന്നത്.
റോഡിലൊന്നും അധികം ആളില്ലായിരുന്നു. ഞങ്ങളുടെ നിലവിളി കേട്ടാണ് പലരും കടകളിൽ നിന്ന് പുറത്തേക്ക് ഓടിയിറങ്ങിയത്... എനിക്കൊന്നും പറയാനാവുന്നില്ല മക്കളേ...." ബേബി കരച്ചിലോടെ നിറുത്തി...
അശ്രദ്ധ എന്ന ഒറ്റക്കാരണമാണ് വലിയ അപകടത്തിന് വഴിവച്ചത്. നഗരത്തിലെ പ്രധാനവീഥിയിൽ ഡ്രൈവിംഗ് പരിശീലനം നടത്തിയതും പരിശീലനത്തിന് യോജിക്കാത്ത വാഹനം തിരഞ്ഞെടുത്തതും അപകടകാരണമായി. വാഹനം ഓടിച്ചിരുന്ന എ.കെ. വിഷ്ണു നാഥിനെതിരെ കന്റോൺമെന്റ് പൊലീസ് കേസെടുത്തു.