d

തിരുവനന്തപുരം: സിനിമ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് തന്നെ മാറ്റി നിറുത്താനും അപകീർത്തിപ്പെടുത്താനും ശ്രമിക്കുന്നുവെന്ന് പറഞ്ഞ് നടി കുക്കു പരമേശ്വരൻ ഡി.ജി.പിക്കും വനിതാ കമ്മിഷനും പരാതി നൽകി. യുട്യൂബ് ചാനലുകളിലൂടെ തനിക്കെതിരെയുണ്ടായ ആരോപണങ്ങളിൽ നിയമനടപടി വേണമെന്നാണ് പരാതിയിലെ ആവശ്യം. 2018ൽ സ്ത്രീകൂട്ടായ്മക്കായി കെ.പി.എ.സി ലളിതയുടെ നേതൃത്വത്തിൽ 'അമ്മ' സബ് കമ്മിറ്റി രൂപീകരിച്ചിരുന്നു. ഇതിന്റെ ഭാഗമായി കൊച്ചിയിലെ ഒരു ഹോട്ടലിൽ നടന്ന കൂട്ടായ്മയിലെ സംഭാഷണങ്ങളാണ് ക്യാമറയിൽ റെക്കാർഡ് ചെയ്തത്. ഇത് ഒരു യുട്യൂബ് ചാനലിലൂടെ പുറത്തുവന്നു. എന്നാൽ അന്ന് ക്യാമറയിൽ ചിത്രീകരിച്ചതിന്റെ മെമ്മറി കാർഡ് തന്നെ ആരും ഏൽപ്പിച്ചിട്ടില്ലെന്ന് കുക്കു നൽകിയ പരാതിയിൽ പറയുന്നു.മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ നടിമാരായ പൊന്നമ്മ ബാബു,പ്രിയങ്ക,ഉഷ ഹസീന തുടങ്ങിയവർ കുക്കുവിനെതിരെ നേരത്തെ പരാതിപ്പെട്ടിരുന്നു.