തിരുവനന്തപുരം: നഗരസഭയിലെ പട്ടികജാതി ഫണ്ട് തട്ടിപ്പിൽ റിപ്പോർട്ട് തേടി ദേശീയ പട്ടികജാതി കമ്മിഷൻ. നഗരസഭ സെക്രട്ടറി,സിറ്റി പൊലീസ് കമ്മിഷണർ എന്നിവരോടാണ് വിശദീകരണം തേടിയത്.
സംഭവത്തിൽ എന്തുനടപടിയെടുത്തെന്ന് രണ്ടുപേരും രേഖാമൂലം 15 ദിവസത്തിനകം അറിയിക്കണമെന്നും അല്ലാത്ത പക്ഷം കോടതി മുഖേന നടപടിയെടുക്കുമെന്നും നോട്ടീസിലുണ്ട്. കേരളത്തിലെ മറ്റ് തദ്ദേശ സ്ഥാപനങ്ങളിലെയും പട്ടികജാതി ഫണ്ട് തട്ടിപ്പ് കേസുകൾ കമ്മിഷൻ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി ദേശീയ സമിതി അംഗം കുമ്മനം രാജശേഖരൻ,സംസ്ഥാന സെക്രട്ടറി വി.വി.രാജേഷ് എന്നിവരുടെ നേതൃത്വത്തിൽ കമ്മിഷൻ ചെയർമാൻ കിഹോർ മക്വാനയെ നേരിൽക്കണ്ട് നിവേദനം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് കമ്മിഷൻ നോട്ടീസ് നൽകിയത്.
പട്ടികജാതി വിഭാഗത്തിന് ലഭിക്കുന്ന വിവാഹ ധനസഹായം,പഠനമുറി,സ്‌കോളർഷിപ്പുകൾ തുടങ്ങിയവയിലാണ് തട്ടിപ്പ് നടത്തിയത്. പഠനമുറിക്കായി അനുവദിച്ച തുക ലഭിക്കാത്തതിനെ തുടർന്ന് ഗുണഭോക്താവ് നഗരസഭയിൽ പരാതിയുമായി എത്തിയപ്പോഴാണ് തട്ടിപ്പ് പുറത്തറിഞ്ഞത്. തുടർന്ന് ഓഡിറ്റ് വകുപ്പ് നടത്തിയ അന്വേഷണത്തിലാണ് 1.67 കോടി രൂപ തട്ടിച്ചെടുത്തതായി കണ്ടെത്തിയതാണ് ആദ്യ സംഭവം.
വ്യാജ ജാതി സർട്ടിഫിക്കറ്റുണ്ടാക്കി കോർപ്പറേഷനിൽ പട്ടികജാതി വനിതകൾക്കുള്ള പദ്ധതിയിൽ തട്ടിപ്പ്,ആനുകൂല്യങ്ങൾ അപേക്ഷ സ്വീകരിക്കാതെ നൽകി തുടങ്ങിയവയാണ് രണ്ടാമത് കണ്ടെത്തിയത്. മേയർ നൽകിയ പരാതിയിൽ കോൺഗ്രസിന്റെ മുൻ കൗൺസിലറും നഗരസഭാ ജീവനക്കാരും ഉൾപ്പെടെ 14 പേർ നേരത്തെ പിടിയിലായിരുന്നു.