നെടുമങ്ങാട്:ജില്ലാ ആശുപത്രി മോർച്ചറിയിലെ ഫ്രീസറിൽ സൂക്ഷിച്ചിരുന്ന നാലു മാസം ഗർഭിണിയായ യുവതിയുടെ മൃതദേഹം അധികൃതരുടെ അനുവാദമില്ലാതെ ബന്ധുക്കൾക്ക് കാണിച്ചു കൊടുത്തതിന് സെക്യൂരിറ്റി ജീവനക്കാരന് കാരണം കാണിക്കൽ നോട്ടീസ്.താത്കാലിക ജീവനക്കാരൻ സുരേഷ് കുമാറിനെ ജോലിയിൽ നിന്ന് മാറ്റാനും ആശുപത്രി സൂപ്രണ്ട് നിർദേശിച്ചു.കഴിഞ്ഞ 3 ന് നെടുമങ്ങാട് ജില്ലാ ആശുപത്രിയിലാണ് സംഭവം.ഭർതൃഗൃഹത്തിൽ മരിച്ച ഗർഭിണിയുടെ മൃതദേഹം ആർ.ഡി.ഒയുടെ സാന്നിദ്ധ്യത്തിൽ ഇൻക്വസ്റ്റിന് നിശ്ചയിച്ചിരുന്നു.ഇതിനിടെ,ആശുപത്രിയിൽ കാന്റീൻ നടത്തുന്ന ആൾക്കും ബന്ധുക്കൾക്കുമാണ് ഫ്രീസർ തുറന്ന് മൃതദേഹം കാണിച്ചു കൊടുത്തത്.മോർച്ചറിയുടെ താക്കോൽ സൂക്ഷിക്കേണ്ടത് നഴ്സിംഗ് സ്റ്റാഫ് ആണ്.ഇവർ അറിയാതെ താക്കോൽ എടുത്ത് കൊണ്ടുപോയി തുറന്നു കൊടുത്തുവെന്നാണ് ആരോപണം.