photo1

പാലോട്: പാലോട് വനം റേഞ്ച് ഉദ്യോഗസ്ഥരും എക്സൈസ് ഉദ്യോഗസ്ഥരും സംയുക്തമായി പാലോട് റെയ്ഞ്ച് പരിധിയിൽ നടത്തിയ വ്യാജ ചാരായ റെയ്ഡിൽ 105 ലിറ്റർ കോട നശിപ്പിച്ചു.കൊച്ചാലുംമൂട് വനഭാഗത്ത് തോട്ടംപുറം ഏരിയയിലാണ് കോട കണ്ടെത്തി നശിപ്പിച്ചത്.വനത്തിനകത്തെ ഈറകൾക്ക് അകത്ത് കുഴിച്ചിട്ട നിലയിലാണ് കോട കണ്ടത്. ഓണം അടുത്തതോടെ പാലോട് റേഞ്ചിന് കീഴിലെ വനമേഖലകളിൽ വ്യാജ ചാരായ നിർമ്മാണത്തിന് സാധ്യതയുണ്ട് എന്ന വിവരത്തെ തുടർന്നാണ് വനം-എക്സൈസ് സ്റ്റാഫുകളുടെ സംയുക്ത റെയ്ഡ് നടത്തിയത്. പാലോട് റെയ്ഞ്ച് ഓഫീസറുടെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ എക്സൈസ് ഇൻസ്പെക്ടർ സതീഷ് കുമാർ, പ്രിവന്റീവ് ഓഫീസർമാരായ മഹേഷ്, നജിമുദ്ദീൻ, ദിനേശ് കുമാർ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സന്തോഷ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർ വിഘ്നേഷ്, ഫോറസ്റ്റ് വാച്ചർമാർ എന്നിവർ പങ്കെടുത്തു.