നെടുമങ്ങാട്: കുഞ്ഞുന്നാൾ മുതൽക്കേ ഉണ്ണിയപ്പ പ്രിയനാണ് ഗോവിന്ദ്. ഉണ്ണിയപ്പം മയത്തിൽ ചുട്ടെടുക്കാനും കേമൻ. കിലോമീറ്ററുകൾ സ്‌കൂട്ടറോടിച്ച് ചൂടാറുംമുൻപ് കടകളിലെത്തിച്ചും കൊടുക്കും. ശരാശരി 300 ഉണ്ണിയപ്പമെങ്കിലും ദിവസേനെ കടകളിൽ വിറ്റഴിയും.
മഴയായാലും മഞ്ഞായാലും കൃത്യസമയത്ത് മടങ്ങിയെത്തി യൂണിഫോമണിഞ്ഞ് ഒമ്പതരയ്ക്കുള്ള സ്‌കൂൾ അസംബ്ലിയിൽ ഹാജർ! എൽ.പി ക്ലാസ് മുതൽ അമ്മ റാണി പരിശീലിപ്പിച്ചതാണ്.ഇന്നിപ്പോൾ, തിരുവനന്തപുരം സർക്കാർ സംസ്കൃത കോളേജിൽ ബി.എ സംസ്കൃതം സ്‌പെഷ്യൽ ജ്യോതിഷ വിഭാഗം സംസ്ഥാന തലത്തിൽ ഒന്നാം റാങ്ക് നേടിയത് കരസ്ഥമാക്കിയിരിക്കുകയാണ്. നെടുമങ്ങാട് മുക്കോലയ്ക്കൽ ഗോവിന്ദത്തിൽ എസ്.സനൽകുമാറിന്റെയും വി.റാണിയുടേയും ഇളയമകനാണ് ഗോവിന്ദ്.
സനൽ സെക്യൂരിറ്റി ജോലിക്കാരനായിരുന്നു.ഡ്യൂട്ടിക്കിടയിൽ കുഴഞ്ഞുവീണ് ചികിത്സയിലായിട്ട് വർഷങ്ങളായി. മക്കളുടെ പഠനച്ചെലവിനും വീട്ടാവശ്യങ്ങൾക്കുമായി അമ്മ റാണി തുടങ്ങിവെച്ചതാണ് ഉണ്ണിയപ്പം വില്പന.എൽ.പി,യു.പി നെടുമങ്ങാട് മഹാരാജ പബ്ലിക് സ്‌കൂളിലും ഹൈസ്‌കൂൾ പഠനം ദർശന ഹൈസ്‌കൂളിലും ഹയർ സെക്കൻഡറി പൂവത്തൂർ ഗവൺമെന്റ് സ്‌കൂളിലും 'എ പ്ലസ് വിജയ"ത്തോടെയാണ് ഗോവിന്ദ് പഠനം പൂർത്തിയാക്കിയത്. ഇഗ്രാൻഡ് പദ്ധതി പ്രകാരം ഗവണ്മെന്റിന്റെ ധനസഹായവും കൺസിഷനും കിട്ടിയത് ഉപകാരമായെന്ന് ഗോവിന്ദ് 'കേരളകൗമുദി"യോട് പറഞ്ഞു.
എം.എ സംസ്കൃതം ജനറൽ പഠിച്ച് ഒരു മാതൃകാ അദ്ധ്യാപകനാകാനാണ് ആഗ്രഹം. ഡൈജസ്റ്റ്,പൗരാണിക,ചരിത്രപുസ്തകങ്ങൾ,ഗവേഷണ പഠനക്കുറിപ്പുകൾ ഇത്രമേൽ ഹൃദിസ്ഥമാക്കിയ മറ്റൊരു യുവ വായനക്കാരൻ ഇവിടെയുണ്ടാവില്ലെന്ന് പ്രമുഖ ചരിത്രകാരനും നെടുമങ്ങാട് നിവാസിയുമായ വെള്ളനാട് രാമചന്ദ്രൻ സാക്ഷ്യപ്പെടുത്തുന്നു. തിരുവനന്തപുരം എയർപോർട്ടിൽ ടാക്സി ഓടിക്കുകയാണ് ഏക സഹോദരൻ ആദർശ്.