തിരുവനന്തപുരം: സെപ്തംബറിൽ നാട്ടിൽ വരുമെന്നുപറഞ്ഞ ഗൗതം നേരത്തെ വീടെത്തി, ചേതനയറ്റ ശരീരമായി. ഗൗതമിനെ പൂജപ്പുര ചട്ടമ്പിസ്വാമി റോഡ് വിദ്യാധിരാജ നഗർ 'ശ്രീശൈല'ത്തിലെത്തിച്ചപ്പോൾ കുടുംബാംഗങ്ങൾ വിങ്ങിപ്പൊട്ടി.
കാനഡയിൽ ചെറുവിമാനം തകർന്നുണ്ടായ അപകടത്തിൽ മരിച്ച ഗൗതം സന്തോഷിന്റെ(27)മൃതദേഹം
ഇന്നലെ പുലർച്ചെ 3.50ഓടെ തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെത്തിച്ചു. വീട്ടിലെ പൊതുദർശനത്തിന് ശേഷം ഉച്ചയ്ക്ക് 2ഓടെ തൈക്കാട് ശാന്തികവാടത്തിൽ സംസ്‌കരിച്ചു. ജനപ്രതിനിധികൾ ഉൾപ്പെടെ ഒട്ടേറെപ്പേർ അന്ത്യാഞ്ജലി അർപ്പിച്ചു. ഇന്ത്യൻ എംബസി, നോർക്ക തുടങ്ങിയവരുടെ ഇടപെടലിനെ തുടർന്നാണ് മൃതദേഹം നാട്ടിലെത്തിച്ചത്.
കാനഡയിലെ ഡിയർ ലേക് വിമാനത്താവളത്തിനു സമീപം ന്യൂഫൗണ്ട് ലാൻഡിൽ കഴിഞ്ഞ മാസം 26 നായിരുന്നു അപകടം. കിസിക് ഏരിയയിൽ സർവേ ഇൻകോർപറേറ്റഡിന്റെ എയർ ക്രാഫ്റ്റാണ് തകർന്നത്. മരണം നടന്ന് 16-ാം ദിവസമാണ് മൃതദേഹം നാട്ടിലെത്തിക്കാൻ കഴിഞ്ഞത്.
കാനഡയിൽ പൈലറ്റകാൻ പഠിച്ച പസഫിക് പ്രഫഷനൽ ഫ്ളൈറ്റ് സെന്ററിൽ ഹെഡ് ഒഫ് ഫ്ലൈറ്റ് ഡിസ്‌പാച്ചായി ജോലി ചെയ്യുകയായിരുന്നു ഗൗതം. കെ.എസ്.സന്തോഷ്‌കുമാർ- എൽ.കെ.ശ്രീകല ദമ്പതികളുടെ മകനാണ്. സഹോദരി ഡോ.ഗംഗാ സന്തോഷ്.