suply

തിരുവനന്തപുരം: സബ്സിഡി ഇനങ്ങൾക്കു പുറമെ ഓണക്കാലത്ത് ഭക്ഷ്യവസ്തുക്കൾക്കടക്കം 50 ശതമാനംവരെ വിലക്കുറവിൽ ലഭ്യമാക്കാൻ സപ്ലൈകോ. ഓണച്ചന്തകൾ 25 മുതൽ തുടങ്ങും. സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. എല്ലാ നിയോജക മണ്ഡലങ്ങളിലും ഓണച്ചന്തകൾ ഉണ്ടാകും. ഹോർട്ടി കോർപ്പിന്റെ ഓണച്ചന്തകളും ഇതിനൊപ്പം ആരംഭിക്കും.

എല്ലാ റേഷൻ കാർ‌ഡുകാർക്കും സബ്സിഡി നിരക്കിൽ ലിറ്ററിന് 349 രൂപയ്ക്ക് വെളിച്ചെണ്ണ ഇന്നലെ മുതൽ സപ്ലൈകോ ഔട്ട്‌ലെറ്റുകളിലൂടെ വിതരണം തുടങ്ങി. ഈ മാസം ഒരു ലിറ്ററാകും ലഭിക്കുക.

20 കിലോ അരി കിലോയ്ക്ക് 25 രൂപയ്ക്കും ലഭ്യമാക്കും. 12 ഇനം സബ്സിഡി സാധനങ്ങളും വാങ്ങാം. അരകിലോയിൽ നിന്ന് മുളക് ഒരു കിലോ ആക്കിയിട്ടുണ്ട്.

നോൺ സബ്സിഡി ഇനങ്ങൾക്ക് 10- 50%വരെ കിഴിവുണ്ട്. 32 പ്രമുഖ ബ്രാൻഡുകളുടെ 288 നിത്യോപയോഗ ഉത്പന്നങ്ങളും വിലക്കുറവിൽ ലഭിക്കും. ഓണക്കാലത്ത് നറുക്കെടുപ്പും ഉണ്ടാകും.

കിറ്റുകൾ, ഗിഫ്റ്ര് കാർഡുകൾ

ഓണത്തോടനുബന്ധിച്ച് സപ്ലൈകോ ഗിഫ്റ്റ് കാർഡുകളും വിവിധ കിറ്റുകളും പുറത്തിറക്കും. 500, 1000 രൂപയുടെ ഗിഫ്റ്റ് കാർഡുകളാണ് തയ്യാറാക്കുന്നത്. 1225 രൂപ വിലയുള്ള സമൃദ്ധി കിറ്റ് (18 ഇനങ്ങൾ) ആയിരം രൂപയ്ക്കും, 625 രൂപ വിലയുള്ള മിനി കിറ്റ് (10 ഇനങ്ങൾ) 500 രൂപയ്ക്കും, 305 രൂപ വിലയുള്ള ശബരി സിഗ്‌നേച്ചർ കിറ്റ് (9 ഇനങ്ങൾ) 229 രൂപയ്ക്കും ലഭ്യമാക്കും.

''സപ്ലൈകോയിൽ എല്ലാ നിത്യോപയോഗ സാധനങ്ങളുടേയും സ്റ്റോക്ക് എത്തിച്ചിട്ടുണ്ട്. മേളകൾ നല്ല രീതിയിൽ നടക്കും

-ജി.ആർ.അനിൽ,

ഭക്ഷ്യമന്ത്രി