ponmudiroad

വിതുര: പൊൻമുടി തിരുവനന്തപുരം സംസ്ഥാനപാതയിൽ പൊൻമുടി കമ്പിമൂട് ജംഗ്ഷനിൽ നിന്നും പൊൻമുടി ഗവൺമെന്റ് യു.പി.എസിലേക്കുള്ള റോഡ് തകർന്ന് തരിപ്പണമായി കിടക്കുന്നു. റോഡിന്റെ ശോച്യാവസ്ഥയിൽ വാഹനയാത്രയും കാൽനടയാത്രയും അതീവദുഷ്ക്കരമാണ്. ടാറിളകി വലിയ കുഴികളായ അവസ്ഥയിലാണ്.

മഴയായതോടെ റോഡിലൂടെയുള്ള യാത്ര അപകടംനിറഞ്ഞതായി. സ്കൂളിലേക്കുള്ള റോഡായതിനാൽ പ്രശ്നം ഗുരുതരമാണ്. കുട്ടികളെയും അദ്ധ്യാപകരേയും സംബന്ധിച്ച് സ്കൂളിലേക്കുള്ള യാത്ര വളരെ ബുദ്ധിമുട്ടാണ്. കേരളത്തിലെ തന്നെ ഏറ്റവും പ്രശസ്തമായ വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായ പൊന്മുടിയിലെ സ്കൂളായിട്ട് കൂടി നല്ല റോഡില്ല. ഒത്തിരിയേറെ വിനോദ സഞ്ചാരികളാണ് ഇവിടെയും സ്കൂളിന്റെ പരിസരത്തും സന്ദർശകരായി ദിവസവുമെത്തുന്നത്. കമ്പിമൂട് ജംഗ്ഷനിൽ നിന്നും താഴേക്ക് സ്കൂളിലേക്ക് പോകുന്ന റോഡിന്റെ സ്ഥിതി തീർത്തും മോശമാണ്. സ്കൂൾ വാഹനത്തിൽ പോലും പോകാൻ കഴിയാത്ത അവസ്ഥയാണ്.

റോഡിന്റെ ദുരവസ്ഥയ്ക്ക്

പരിഹാരമുണ്ടാകണം

തേയിലത്തോട്ടങ്ങളിലെ തൊഴിലാളി കുടുംബങ്ങളും ഈ റോഡ് ഉപയോഗിക്കുന്നുണ്ട്. റോഡിന്റെ ഈ അവസ്ഥ കാരണം സമയത്തിന് പ്രധാന റോഡിലെത്തി ബസ് കയറി മറ്റു സ്ഥലങ്ങളിലേക്കു പോകുന്നതും ബുദ്ധിമുട്ടായി മാറിയിട്ടുണ്ട്.കാട്ടാന,കാട്ടുപോത്ത് പുലി ഉൾപ്പെടെയുള്ള വന്യ ജീവികൾ പരിസരത്തെ കാടുകളിൽ ഉള്ളതിനാൽ നടന്നു പോകാനും ഭയമാണ്. അതുകൊണ്ട് എത്രയും വേഗം ഈ റോഡിന്റെ ദുരവസ്ഥയ്ക്കു പരിഹാരം കണ്ട് ഞങ്ങൾക്ക് സുരക്ഷിത യാത്ര ഒരുക്കണമെന്നാണ് പൊൻമുടി നിവാസികളുടെ ആവശ്യം.

നവീകരിക്കാൻ പദ്ധതിയിട്ടെങ്കിലും

പൊന്മുടി സ്കൂളിൽ പുതിയ മന്ദിരം നിർമ്മിക്കാനായി ഫണ്ട് വകയിരുത്തിയപ്പോൾ ആ ഫണ്ടിൽ നിന്നും റോഡ് കൂടി നവീകരിക്കാൻ പദ്ധതി ഉണ്ടായിരുന്നു. എന്നാൽ നിർമ്മാണ സാമഗ്രികളുടെ വില വർദ്ധിച്ചതോടെ ആ ശ്രമം ഉപേക്ഷിക്കേണ്ടി വന്നു.