photo

പാലോട്: ശബരിമല പാക്കേജിൽ ഉൾപ്പെടുത്തി 5 കോടി രൂപ ചെലവിൽ 4.5 കിലോമീറ്റർ നീളത്തിൽ ആരംഭിച്ച താന്നിമൂട് പേരയം റോഡ് നിർമ്മാണത്തിനെതിരെ പ്രദേശവാസികളുടെ പ്രതിഷേധം. അഞ്ചര മീറ്റർ ടാറിംഗ് പറഞ്ഞിട്ടുള്ളതെങ്കിലും പല സ്ഥലങ്ങളിലും അഞ്ച് മീറ്റർ മാത്രമേ വീതിയുള്ളൂവെന്നാണ് ആരോപണം. താളിക്കുന്ന് മുതൽ കുടവനാട് വരെയും പേരയത്തേക്കും റോഡിന്റെ ഒരു വശത്തു നിന്നും മാത്രം ഭൂമിയെടുക്കാൻ അനുവദിക്കുകയില്ലെന്നും സർക്കാർ പുറമ്പോക്ക് ഭൂമി അളന്ന് തിട്ടപ്പെടുത്തി രണ്ടു ഭാഗത്തു നിന്നും സ്ഥലം ഏറ്റെടുക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

അശാസ്ത്രീയമായ ഓട നിർമ്മാണത്തെ തുടർന്ന് കുടവനാട് നിന്നും കുരിശടിയിലേക്ക് ശക്തമായി ഒഴുകി വരുന്ന വെള്ളം പതിനഞ്ചോളം പേരുടെ സ്ഥലവും അഞ്ചോളം വീടുകളും തകർക്കാൻ സാദ്ധ്യതയുണ്ടെന്നും പ്രദേശവാസികൾ പറഞ്ഞു. എന്നാൽ എസ്റ്റിമേറ്റിൻപ്രകാരം പുറമ്പോക്ക് ഭൂമിയും സ്വകാര്യവസ്തുക്കളും എടുക്കേണ്ട സാഹചര്യം നിലവിലില്ലെന്നും അഞ്ചര മീറ്റർ ടാറിംഗും സംരക്ഷണഭിത്തിയും ഓടയും മാത്രമാണ് എഗ്രിമെന്റിൽ ഉള്ളതെന്നും സ്വകാര്യവസ്തു ഏറ്റെടുക്കേണ്ട സാഹചര്യമില്ലെന്നും പാലോട് പി.ഡബ്ല്യു.ഡി ഓവർസിയർ ഷാനു അറിയിച്ചു. സ്വകാര്യഭൂമി ഏറ്റെടുക്കേണ്ട സാഹചര്യമുണ്ടായാൽ പ്രദേശവാസികളുടെ അനുമതിയോടെ എടുക്കണമെന്നും പുറമ്പോക്ക് ഭൂമി അളന്നാൽ റോഡിലേക്ക് ആവശ്യമായ സ്ഥലം ലഭിക്കുമെന്നും അതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും വാർഡ് അംഗം ദീപാ മുരളി പറഞ്ഞു.