പാലോട്: ലക്ഷങ്ങൾ ചെലവഴിച്ച് നിർമ്മിച്ച നന്ദിയോട് മാർക്കറ്റ് നോക്കുകുത്തിയാക്കി മീൻകച്ചവട മുൾപ്പെടെ പ്രധാന ഗേറ്റിലേക്ക് മാറ്റി. രാവിലെയും വൈകിട്ടുമാണ് അനധികൃത മത്സ്യക്കച്ചവടം നടക്കുന്നത്. കൃഷിഭവൻ, മൃഗാശുപത്രി, ഇലക്ട്രിസിറ്റി ഓഫീസ്, പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സിലെ നിരവധി കടകൾ എന്നിവിടങ്ങളിലേക്കുള്ള പ്രധാന വഴിയിലാണ് അനധികൃതമായി മീൻ കച്ചവടം നടത്തുന്നത്. മീൻ വെള്ളവും മാലിന്യവും ഒഴുക്കുന്നത് പൊതുവഴിയിലാണ്. ഇതിൽ ചവിട്ടി വേണം ഓഫീസുകളിലെത്താൻ. ഇതെല്ലാം നടക്കുന്നത് പഞ്ചായത്ത് ആരോഗ്യ വിഭാഗത്തിന്റെ കൺമുന്നിലുമാണ്.
ആധുനിക സൗകര്യങ്ങളോടെയാണ് നന്ദിയോട് ചന്തക്ക് പുതിയ കെട്ടിടം നിർമ്മിച്ചത്.അൻപതിലധികം ആളുകൾക്ക് കച്ചവടം നടത്താനുള്ള സ്റ്റാളുകളും ഇവിടെയുണ്ട്. മത്സ്യവിപണനത്തിന് ടൈൽ പാകിയ വലിയ സ്ലാബുകൾ, ഉണക്കമീൻ കച്ചവടത്തിനും ഇറച്ചി കച്ചവടത്തിനും പ്രത്യേക സൗകര്യങ്ങളൊരുക്കി നൽകി. എന്നിട്ടും മത്സ്യക്കച്ചവടക്കാർ ചന്തക്ക് പുറത്തേ കച്ചവടം നടത്തുകയുള്ളൂ. അടിയന്തരമായി അധികാരികളുടെ ഭാഗത്തു നിന്നും നടപടി ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.