കുഴിയും കാരണം
വെഞ്ഞാറമൂട്: വെഞ്ഞാറമൂട്ടിലെ ഗതാഗതക്കുരുക്ക് അതിരൂക്ഷം. കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ മണിക്കൂറുകളാണ് ആംബുലൻസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ റോഡിൽ കിടന്നത്. തിരുവനന്തപുരത്ത് പോകാൻ രാവിലെ 8.30ന് വെഞ്ഞാറമൂട്ടിൽ എത്തിയവർ തിരുവനന്തപുരത്തെത്തിയത് 11.30ന്. രാവിലെയും വൈകിട്ടും അതിരൂക്ഷമായ കുരുക്കാണ് ഇവിടെ അനുഭവപ്പെടുന്നത്.
ചെറുതും വലുതുമായ വാഹനങ്ങളും കെ.എസ്.ആർ.ടി.സി സ്വകാര്യ ബസുകളും കുരുക്കിൽപ്പെട്ട് വഴിയിൽ കിടക്കുന്നത് പതിവാണ്.
വരും ദിവസങ്ങളിൽ നഗരത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷമാകാൻ സാദ്ധ്യതയേറെയാണ്. അനധികൃത പാർക്കിംഗ് ഉൾപ്പെടെ ശ്രദ്ധിക്കാത്തതും കുരുക്കിന് കാരണമാകുന്നുണ്ട്.നഗരത്തിൽ തോന്നിയ ഇടങ്ങളിൽ വാഹനം പാർക്ക് ചെയ്ത് പോകുന്നവരുമുണ്ട്. മിക്ക ദിവസങ്ങളിലും ഗതാഗത കുരുക്ക് നിയന്ത്രിക്കാൻ പൊലീസിന്റെ സാന്നിദ്ധ്യമില്ലാത്തതും പ്രശ്നം രൂക്ഷമാക്കുകയാണ്.
കാരേറ്റ്,വാമനപുരം,കീഴായിക്കോണം,വയ്യേറ്റ്,തൈക്കാട്,പിരപ്പൻകോട് മേഖലകളിലാണ് ഏറെ തിരക്ക്
വിവിധയിടങ്ങളിലായി റോഡ് തകർന്ന് കുഴികൾ രൂപപ്പെട്ടിട്ടുണ്ട്.അതിനാൽ വാഹനങ്ങൾക്ക് വേഗം കടന്നുപോകാൻ സാധിക്കുന്നില്ല
വെഞ്ഞാറമൂട്ടിൽ ഫ്ലൈഓവർ പ്രവൃത്തി തുടങ്ങിയതും മഴ മാറിയപ്പോൾ നടത്തുന്ന റോഡിലെ കുഴിയടക്കുന്നതും അനധികൃത പാർക്കിംഗുമെല്ലാം നഗരത്തിൽ ഗതാഗതക്കുരുക്കിന് വഴിവയ്ക്കുകയാണ്.
രാവിലെ 8നും 10നും ഇടയിലും വൈകിട്ട് 5ഓടെയുമാണ് കുരുക്ക് രൂക്ഷമാകുന്നത്.ഈ സമയങ്ങളിൽ ഒന്നോ രണ്ടോ സ്ഥലങ്ങളിൽ മാത്രമാണ് പൊലീസിന്റെയും ഹോംഗാർഡിന്റെയും സാന്നിദ്ധ്യമുള്ളത്.
സംസ്ഥാനപാതയിൽ കിളിമാനൂർ ഭാഗത്ത് നിന്നും തിരുവനന്തപുരം ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ അമ്പലമുക്ക് തിരിഞ്ഞു പിരപ്പൻകോട് ഇറങ്ങാനും, തിരുവനന്തപുരം ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങളും ഇത് പോലെ തിരിച്ചു വിടുന്നുണ്ടെങ്കിലും വെഞ്ഞാറമൂട് ജംഗ്ഷനിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുന്നില്ല.