തിരുവനന്തപുരം: കുണ്ടും കുഴിയും മാത്രമുള്ള കണ്ണമ്മൂല-അണമുഖം റോഡിന്റെ ശാപമോക്ഷത്തിനായി കാത്തിരിക്കുകയാണ് അണമുഖം നിവാസികൾ. റോഡ് നന്നാക്കുന്നതിനുള്ള നടപടികൾ തുടങ്ങിയിട്ട് അഞ്ചുവർഷമായെന്ന് നാട്ടുകാർ പറയുന്നു.
നിരവധി നിവേദനങ്ങൾ നൽകി,ഹൈക്കോടതി ഇടപെട്ടു,എന്നിട്ടും റോഡ് നന്നാക്കാൻ മാത്രം നടപടിയുണ്ടായിട്ടില്ല. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ആമയിഴഞ്ചാൻ തോടിന്റെ സൈഡ് ഭിത്തി കെട്ടുന്നതിനും തോട്ടിലെ മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനുമടക്കം 25 കോടി അനുവദിച്ചിരുന്നതായി നാട്ടുകാർ പറയുന്നു. തോടിന്റെ ഇരുവശത്തുമുള്ള ഭിത്തി കെട്ടിയതൊഴിച്ചാൽ റോഡ് നവീകരണം നടന്നില്ല. ഇതിനുപിന്നാലെ നഗരസഭയിൽ നിന്ന് ഒരുകോടി അനുവദിച്ചെങ്കിലും റോഡ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്തതോടെ പദ്ധതി മാറി.
ഇതിനുശേഷം ബി.എം ബി.സി നിലവാരത്തിൽ റോഡ് നവീകരിക്കുന്നതിനായി പി.ഡബ്ലിയു.ഡി 5 കോടിയുടെ പദ്ധതിയാണ് തയ്യാറാക്കിയത്. എന്നാൽ ഉദ്യോഗസ്ഥരും കരാറുകാരും ചേർന്ന് പദ്ധതി വൈകിപ്പിക്കുകയാണെന്നാണ് നാട്ടുകാരുടെ ആരോപണം. ആശുപത്രി ആവശ്യങ്ങൾ ഉൾപ്പെടെ അടിയന്തര ഘട്ടത്തിൽ ഓട്ടോ വിളിച്ചാൽ പോലും വരാത്ത സ്ഥിതിയാണ്. ഇവിടെ ഇരുചക്രവാഹനങ്ങൾ പതിവായി അപകടത്തിൽപ്പെടുന്നു. കണ്ണമ്മൂലയിൽ നിന്ന് മാത്രമല്ല, കുമാരപുരം,ചെന്നിലോട്,കുന്നുംപുറം,ചെട്ടിക്കുന്ന്, നെല്ലിക്കുഴി എന്നീ സ്ഥലങ്ങളിലൂടെയുള്ള റോഡുകളും തകർന്നുകിടക്കുകയാണ്.
കുഴിയിലാക്കി വാട്ടർ അതോറിട്ടി
സ്വീവേജ് പൈപ്പ് മാറ്റിയിടുന്നതിനും കുടിവെള്ള പൈപ്പ്ലൈൻ അറ്റകുറ്റപ്പണിക്കുമായി കുഴിയെടുത്ത ശേഷം ശരിയായ രീതിയിൽ നന്നാക്കാത്തതാണ് റോഡിന്റെ അവസ്ഥയ്ക്ക് കാരണമെന്ന് നാട്ടുകാർ പറയുന്നു. റോഡ് വെട്ടിക്കുഴിച്ചതിൽ 1.38 കോടി വാട്ടർ അതോറിട്ടി അടയ്ക്കാനുണ്ട്. ഇത് നൽകാത്തതും നവീകരണത്തെ ബാധിച്ചിട്ടുണ്ട്. വിഷയത്തിൽ ഹൈക്കോടതി ഇടപെട്ടിട്ടും നടപടികൾ വൈകുകയാണ്. സ്വീവേജ്,കുടിവെള്ള പൈപ്പ്ലൈൻ പണികൾക്കു പിന്നാലെ ഗ്യാസ് പൈപ്പ്ലൈനു വേണ്ടി കുഴിയെടുക്കാൻ തുടങ്ങിയതും പ്രശ്‌നം ഗുരുതരമാക്കി.
റോഡ് ഉപരോധിച്ച് നാട്ടുകാർ
റോഡ് നവീകരണത്തിൽ നഗരസഭയും സർക്കാരും കടുത്ത അവഗണനയാണ് കാണിക്കുന്നതെന്ന് ആരോപിച്ച് നാട്ടുകാരുടെ നേതൃത്വത്തിൽ ഇന്നലെ റോഡ് ഉപരോധിച്ചു. അണമുഖത്തെയും അയ്യങ്കാളി റോഡിലെയും വിവിധ റസിഡന്റ്സ് അസോസിയേഷനുകളും വിവിധ സംഘടനകളും ഒത്തുചേർന്നാണ് കണ്ണമ്മൂലയിൽ ഉപരോധം സംഘടിപ്പിച്ചത്. വർഗീസ്,ലാലി സേവ്യർ,ജോർജി ആവിക്കോട്ട്,മോഹനൻ,പത്മം, അഡ്വ.റോജിത്ത്,അബ്ദുൾ സമദ് എന്നിവർ സംസാരിച്ചു.
പൊതുമരാമത്ത് വകുപ്പിന്റെ പദ്ധതിയിൽ ഉൾപ്പെടുത്തി ബി.എം ബി.സി നിലവാരത്തിൽ റോഡ് നവീകരിക്കുന്നതിന് കടകംപള്ളി സുരേന്ദ്രൻ എം.എൽ.എയുടെ നേതൃത്വത്തിൽ നടപടി ആരംഭിച്ചിട്ടുണ്ട്. നെല്ലിക്കുഴി പാലം വരെ 1.5 കിലോമീറ്റർ നവീകരിക്കാനാണ് പദ്ധതി. 5 കോടി വകയിരുത്തിയിട്ടുണ്ട്. പണി അടിയന്തരമായി തുടങ്ങാൻ നടപടിയെടുക്കും
എൻ.അജിത് കുമാർ,കൗൺസിലർ