pothudarsanam

ചിറയിൻകീഴ്: മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച കടകം എ.പി.തോപ്പിൽ ജോസഫിന്റെയും (43),അഞ്ചുതെങ്ങ് കുന്നുംപുറം വീട്ടിൽ മൈക്കിളിന്റെയും (68) മൃതദേഹം സംസ്‌കരിച്ചു.

ചിറയിൻകീഴ് താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹങ്ങൾ പോസ്റ്റുമോ‌‌ർട്ടത്തിനുശേഷം ഉച്ചയോടെ ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

നിരവധി ബൈക്കുകളുടെ അകമ്പടിയോടെയാണ് ജോസഫിന്റെ മൃതദേഹം ഭാര്യയുടെ വീടായ കടയ്ക്കാവൂർ തെറ്റിമൂല തെക്കുഭാഗം ഷാലോം ഭവനിലെത്തിച്ചത്. സ്വന്തമായി വീടെന്ന സ്വപ്‌നം ബാക്കിവച്ചാണ് ജോസഫിന്റെ മരണം. പിതാവ് ബാബച്ചൻ ക്യാൻസർ രോഗിയാണ്. കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു ജോസഫ്. വൈകിട്ടോടെ തെക്കുംഭാഗം ചമ്പാവ് കർമ്മലമാതാ ദേവാലയത്തിൽ ജോസഫിന്റെ സംസ്കാര ചടങ്ങുകൾ നടന്നു.

ഉച്ചയോടെ അഞ്ചുതെങ്ങ് കുന്നുംപുറം വീട്ടിൽ മൈക്കിളിന്റെ മൃതദേഹവുമെത്തിച്ചു. വീടിനെ കരകയറ്റാനാണ് 68-ാം വയസിലും മൈക്കിൾ മത്സ്യബന്ധനത്തിനിറങ്ങിയത്. വീടിന് സമീപത്താണ് പൊതുദർശനമൊരുക്കിയത്. വൈകിട്ട് 3ഓടെ അഞ്ചുതെങ്ങ് സെന്റ് പീറ്റേഴ്സ് ദേവാലയത്തിൽ സംസ്‌കാരം നടന്നു.

ഫോട്ടോ: മൈക്കിളിന്റെ മൃതദേഹം പൊതുദർശനത്തിന് വച്ചപ്പോൾ

ഫോട്ടോ: ജോസഫിന്റെ മൃതദേഹം പള്ളിയിലെത്തിച്ചപ്പോൾ