തിരുവനന്തപുരം:സംസ്ഥാനത്ത് അടുത്ത മാസം ഓണം ആഘോഷിക്കുന്നതിന്
6000 കോടി അധിക കടമെടുക്കാൻ അനുവദിക്കണമെന്ന് കേരളം. നേരത്തെ പിടിച്ചു വച്ച തുകകൾ തിരിച്ചു നൽകണമെന്നും ധനമന്ത്രി കെ.എൻ.ബാലഗോപാൽ ഡൽഹിയിൽ കേന്ദ്ര ധന മന്ത്രി നിർമ്മലാ സീതാരാമനെ കണ്ട് ആവശ്യപ്പെട്ടു.
കണക്കിലേറെ വായ്പയെടുത്തും കേന്ദ്രത്തെ അമിതമായി ആശ്രയിച്ചുമല്ല സംസ്ഥാനം മുന്നോട്ട് പോകുന്നതെന്ന് മന്ത്രി ബാലഗോപാൽ കേന്ദ്രത്തെ അറിയിച്ചു. വായ്പയുടേയും മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റേയും അനുപാതം 2020-21ലെ 38.47ശതമാനത്തിൽ നിന്ന് 34.13 ശതമാനമായും,.കേന്ദ്ര വിഹിതം 44%ൽ നിന്ന് 25% ആയും കുറഞ്ഞു.സംസ്ഥാനത്തെ ചെലവിനുള്ള തുകയിൽ 75%ഉം കണ്ടെത്തുന്നത് തനത് വരുമാനത്തിൽ നിന്നാണ്. ഈ സാഹചര്യത്തിലും സംസ്ഥാനത്തിനുള്ള അർഹമായ വിഹിതം തടയുന്നത് നീതിയല്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന് നേരിട്ട് ഉത്തരവാദിത്വവുമില്ലാത്ത കാര്യങ്ങളുടെപേരിൽ പിടിച്ചുവച്ചത് 6165.72 കോടിയാണ്. ദേശീയപാത വികസനത്തിന്റെ പേരിൽ കേരളം നൽകേണ്ടി വന്ന 6000 കോടിയുടെ അധികച്ചെലവ് നികത്തുകയും വേണം.
സംസ്ഥാനത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനവും അതിന്റെ അടിസ്ഥാനത്തിൽ മുൻവർഷത്തെ കടമെടുപ്പ് പരിധിയും കണക്കാക്കിയപ്പോൾ വന്ന പിശക് തിരുത്താൻ 1877.57കോടി വായ്പയെടുക്കാൻ അനുവദിക്കാമെന്ന് കേന്ദ്രസർക്കാർ നേരത്തെ സമ്മതിച്ചിരുന്നു.എന്നാൽ പിന്നീട് വായ്പാനുമതി നൽകിയില്ല.ഇതെല്ലാം കൂടി 12165.73 കോടിയാണ് കേരളം ആവശ്യപ്പെട്ടത്.
വരുന്നത് വൻ
ചെലവുകൾ
ക്ഷേമ പെൻഷനിൽ രണ്ട് ഗഡു കുടിശികയുണ്ട്. അതിൽ ഒരെണ്ണം ഓണത്തിന്
വിതരണം ചെയ്യണമെങ്കിൽ 1600 കോടി വേണം. സർക്കാർ ജീവനക്കാർക്ക് 4000 രൂപ ബോണസ്,2750രൂപ ഉത്സവബത്ത, ആയിരം രൂപ പെൻഷൻ ആശ്വാസം,20000 രൂപ
ഓണം അഡ്വാൻസ്,6000 രൂപയുടെ കണ്ടിജൻസ് ജീവനക്കാർക്കുള്ള അലവൻസ് തുടങ്ങിയ ചെലവുകളുണ്ട്. ജീവനക്കാർക്ക് ഒരു ഗഡു ക്ഷാമബത്ത കുടിശിക അനുവദിക്കാനും ആലോചിക്കുന്നുണ്ട്.സിവിൽ സപ്ളൈസ് സബ്സിഡി, സാമൂഹ്യ അവശ വിഭാഗങ്ങൾക്കുള്ള ആനുകൂല്യങ്ങളുടെ കുടിശിക വിതരണം, ഓണക്കിറ്റ് വിതരണം,വിപണി ഉഷാറാക്കാനുള്ള പാക്കേജുകൾ തുടങ്ങി വൻ ചെലവാണ് സർക്കാരിനെ കാത്തിരിക്കുന്നത്. ഡിസംബർ
വരെ അനുവദിച്ച 29529 കോടിയുടെ വായ്പനുമതിയിൽ 17000കോടിയും ഇതിനകം എടുത്തു.
2000 കോടി വായ്പയെടുക്കും
തിരുവനന്തപുരം:സംസ്ഥാന സർക്കാർ ചൊവ്വാഴ്ച 2000 കോടി വായ്പയെടുക്കും.ഇതോടെ ഈ വർഷം ഇതുവരെ എടുത്ത വായ്പ 19,000 കോടിയാകും.ഡിസംബർ വരെ 29,529 കോടി വായ്പയെടുക്കാനാണ് അനുമതിയുള്ളത്.