തിരുവനന്തപുരം: പൊലീസ് ആവശ്യപ്പെട്ടിട്ടും നിറുത്താതെപോയ ബൈക്ക് യാത്രക്കാരെ ലാത്തികൊണ്ട് എറിഞ്ഞിട്ടശേഷം ക്രൂരമായി മർദ്ദിച്ചെന്ന് പരാതി. അതേസമയം അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കുക മാത്രമാണ് ചെയ്‌തതെന്ന വിശദീകരണവുമായി പൊലീസ്.
മുഖവും തലയോട്ടിയും എല്ലുകളും ഉൾപ്പടെ തകർന്ന നിലയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ച രണ്ടു യുവാക്കളാണ് വെന്റിലേറ്ററിൽ നിന്ന് പുറത്തേക്ക് മാറ്റിയപ്പോൾ പൊലീസിനെതിരെ വെളിപ്പെടുത്തൽ നടത്തിയത്. ആറുദിവസം വെന്റിലേറ്ററിലെ ചികിത്സയ്ക്കുശേഷം വാർഡിലെത്തിച്ചപ്പോഴാണ് പൊലീസ് മർദ്ദിച്ചതാണെന്ന് ബന്ധുക്കളോട് പറഞ്ഞത്.
കല്ലറ മിതൃമ്മല കോട്ടയിൽക്കാട് തടത്തരികത്ത് വീട്ടിൽ ദിവിൻ (31),ബന്ധുവായ വിശാഖ് (26) എന്നിവരാണ് ചികിത്സയിൽ കഴിയുന്നത്. കഴിഞ്ഞ 6ന് പുലർച്ചെ രണ്ടോടെ ഈഞ്ചയ്ക്കൽ-മുട്ടത്തറ ബൈപ്പാസിലായിരുന്നു സംഭവം.
പരാതി ഇങ്ങനെ: ഈഞ്ചയ്ക്കൽ മുട്ടത്തറ ബൈപ്പാസിൽ പട്രോളിംഗിലായിരുന്ന ഫോർട്ട് പൊലീസ് ബൈക്കിന് കൈ കാണിച്ചങ്കിലും ഇവർ നിറുത്തിയില്ല. തുടർന്ന് ലാത്തികൊണ്ട് എറിഞ്ഞതോടെ ബൈക്കിന്റെ നിയന്ത്രണം തെറ്റി രണ്ടുപേരും റോഡിൽ വീണു. തുടർന്നുണ്ടായ വാക്കുതർക്കത്തിനിടെ ആളൊഴിഞ്ഞ റോഡിലിട്ട് പൊലീസ് ക്രൂരമായി മർദ്ദിച്ചു. ഇരുവരുടെയും ബോധം പോയതോടെ പൊലീസ് തന്നെ 108 ആംബുലൻസ് വിളിച്ചുവരുത്തി കയറ്റിവിടുകയായിരുന്നു. ചൊവ്വാഴ്ച ദിവിൻ സംസാരിച്ചു തുടങ്ങിയപ്പോഴാണ് പൊലീസിന്റെ മർദ്ദനം പുറത്തറിഞ്ഞത്. അതുവരെ വാഹനാപകടമാണെന്ന് ധരിച്ചിരുന്ന ദിവിന്റെ ഭാര്യ ശ്രീലക്ഷ്മി സിറ്റി പൊലീസ് കമ്മിഷണർക്ക് ഇ-മെയിലിൽ പരാതി അയച്ചു.
എന്നാൽ പരാതിയിൽ യാതൊരു അടിസ്ഥാനവുമില്ലെന്നാണ് ഫോർട്ട് പൊലീസ് പറയുന്നത്. അപകടത്തിൽ പരിക്കേറ്റവരെ 108 ആംബുലൻസ് വിളിച്ചുവരുത്തി ആശുപത്രിയിലേക്ക് അയക്കുകയായിരുന്നുവെന്നാണ് വിശദീകരണം. സി സി ടിവി ക്യാമറ പരിശോധിച്ച് സംഭവത്തിൽ വ്യക്തത വരുത്താനൊരുങ്ങുകയാണ് പൊലീസ്.