maranalloor

മലയിൻകീഴ്: മാറനല്ലൂർ ഗ്രാമപഞ്ചായത്ത് ആധുനിക രീതിയിൽ പണി കഴിപ്പിച്ച വൈദ്യുത പൊതുശ്മശാനം'ആത്മനിദ്രാലയം' പ്രവർത്തനരഹിതമായിട്ട് 2.5 വർഷം കഴിഞ്ഞു. നിലവിൽ ഗ്യാസിൽ ശ്മശാനം പ്രവർത്തിക്കുന്നുണ്ട്. സാധരണക്കാർ മരണപ്പെടുമ്പോൾ ചെലവ് കുറഞ്ഞതായിരുന്നു വൈദ്യുത ശ്മശാനം.

മന്ത്രിയായിരുന്ന എ.സി.മൊയ്‌തീൻ 2020 ഒക്ടോബർ 8നാണ് മാറനല്ലൂരിലെ വൈദ്യുത ശ്മശാനമായ ആത്മനിദ്രാലയം ഓൺലൈനായി ഉദ്ഘാടനം ചെയ്തത്. മാറനല്ലൂർ പഞ്ചായത്ത് പ്രസിഡന്റായിരുന്ന എരുത്താവൂർ ചന്ദ്രൻ 2004ലാണ് സർക്കാർ വക മലവിള കുക്കിരി പാറയ്ക്ക് സമീപത്ത് ഒരേക്കർ 6സെന്റ് സ്ഥലം 4,07,550 രൂപയ്ക്ക് ശ്മശാനത്തിനായി വാങ്ങിയത്.

മൃതദേഹങ്ങൾ വിറക് ഉപയോഗിച്ച് സംസ്കരിക്കുന്ന ശ്മശാനമായിരുന്നു അന്ന് ലക്ഷ്യമിട്ടിരുന്നത്.എന്നാൽ 2015ൽ എൻ.ഭാസുരാംഗൻ മാറനല്ലൂർ പഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലയളവിലാണ് 75ലക്ഷം രൂപ വിനിയോഗിച്ച് ശാന്തികവാടം മാതൃകയിലുള്ള ആത്മനിദ്രാലയത്തിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചത്. വൈദ്യുത ശ്മശാനത്തിന്റെ ശിലാസ്ഥാപനം 2015 സെപ്‌തംബറിൽ അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന വി.എസ്.അച്യുതാനന്ദനാണ് നിർവഹിച്ചത്.

പ്രവർത്തനങ്ങൾ

മുടങ്ങി മുടങ്ങി

ശ്മശാനത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ പലഘട്ടങ്ങളിലും മുടങ്ങിയിരുന്നു.ശ്മശാനത്തിന് ഇതുവരെ രണ്ട് കോടിയോളം രൂപ വിനിയോഗിച്ചിട്ടുണ്ട്. മാറനല്ലൂർ കുക്കുരിപാറയ്ക്ക് സമീപത്തെ മലവിളയിലാണ് ആത്മനിദ്രാലയം സ്ഥിതിചെയ്യുന്നത്. ശ്മശാനം പ്രവർത്തനം ആരംഭിച്ചതോടെ സാധാരണക്കാർക്കും, വളരെ കുറച്ച് മാത്രം വസ്തുവുള്ളവർക്കും ശവസംസ്കാരത്തിനുള്ള ബുദ്ധിമുട്ടിന് പരിഹാരമായിരുന്നു. എന്നാൽ വൈദ്യുത ശ്മശാനത്തിന്റെ പ്രവർത്തനം നിലച്ചതോടെ സാധാരണക്കാർ ബുദ്ധിമുട്ടുന്നുണ്ട്.

അറ്റകുറ്റപണികൾ വേണം

വൈദ്യുത ശ്മശാനം പ്രവർത്തനമാരംഭിക്കണമെങ്കിൽ മെഷീനറികളുടെ തകരാർ പരിഹരിക്കുന്നതിനും മറ്റ് അറ്റകുറ്റപണികൾക്കുമായി 35 ലക്ഷം രൂപ വിനിയോഗിക്കേണ്ടി വരുമെന്നാണ് ഗവ.ഇലക്ട്രിക്കൽ എൻജിനിയറിംഗ് സെക്ഷൻ തയ്യാറാക്കിയ എസ്റ്റിമേറ്റിലുള്ളത്.

ശുചിത്വമിഷന് പഞ്ചായത്ത് എസ്റ്റിമേറ്റ് കൈമാറിയിട്ടുണ്ട്. ഇതിനിടെ നിലവിലെ പഞ്ചായത്ത് ഭരണ സമിതി യുദ്ധകാലാടിസ്ഥാനത്തിൽ 2022-23ൽ 11മാസം കൊണ്ട് ഒരു കോടി 35 ലക്ഷം രൂപ വിനിയോഗിച്ച് ഗ്യാസ് ക്രിമറ്റോറിയം നിർമ്മിച്ചു. ഗ്യാസിൽ പ്രവർത്തിക്കുന്ന ശ്മശാനമാണ് നിലവിലുള്ളത്.