s

തിരുവനന്തപുരം: അതിർത്തി കാക്കുന്ന പട്ടാളക്കാരനാകുന്നത് സ്വപ്നം കണ്ടിരുന്ന,13കാരൻ സ‌ഞ്ജയിന് വിധി നൽകിയത് വേദനകൾ മാത്രം.ചെമ്പഴന്തി ശ്രീകാര്യം അണിയൂർ എം.എസ് നിലയത്തിൽ ടൈൽസ് പണിക്കാരനായ ബിനോദിന്റെയും വീട്ടമ്മയായ സൗമ്യയുടെയും മൂത്ത മകനാണ് സ‌ഞ്ജയ്.സെന്റ് ജോൺസ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി.

പട്ടാളക്കാരനാവുന്നതിന്റെ ആദ്യപടിയായി എൻ.സി.സിയിൽ പ്രവേശനം നേടിയെങ്കിലും,പുത്തൻ എൻ.സി.സി യൂണിഫോമും തൊപ്പിയുമണിഞ്ഞ് ഒരുദിവസം പോലും സ്കൂളിൽ പോകാൻ സഞ്ജയ്ക്കായിട്ടില്ല.

അപൂർവ രക്താർബുദമായ ലിംഫോബ്ലാസ്റ്റിക്ക് ലുക്കീമിയയാണ് 13കാരനെ ദുരിതത്തിലാക്കിയിരിക്കുന്നത്. മജ്ജയിലാണ് രക്താർബുദം ബാധിച്ചത്.

പഠിക്കാൻ മിടുക്കനായതിനാൽ അദ്ധ്യാപകരുടെയും സുഹൃത്തുക്കളുടെയും പ്രിയങ്കരനാണ് സഞ്ജയ്.ഏഴാംക്ലാസുവരെ ബെത്‌ലഹേം സ്കൂളിലായിരുന്നു പഠനം.ഈ വർഷം എൻ.സി.സിയിൽ ചേരാമെന്ന സന്തോഷത്തിലാണ് പുതിയ സ്കൂളിൽ പ്രവേശിച്ചത്.എന്നാൽ ആ മോഹം നടന്നില്ല.

സഞ്ജയുടെ ചികിത്സാസഹായത്തിനായി നാടും കൈകോർക്കുന്നുണ്ട്. അതിരാവിലെ മുതൽ ധനസമാഹരണത്തിനായി ഓട്ടോറിക്ഷയിലും സൈക്കിളിലും മൈക്ക് അനൗൺസ്‌മെന്റ് മുതൽ ബിരിയാണി ചലഞ്ച് വരെ നാട്ടുകാരുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്നു.എന്നാൽ മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കുള്ള 35 ലക്ഷം ഇത് കൊണ്ടു മാത്രം നടക്കില്ല.

വെല്ലൂരിലെ ക്രിസ്റ്റ്യൻ മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയയാണ് ആർ.സി.സിയിലെ ഡോക്ടർമാർ നിർദ്ദേശിച്ചിട്ടുള്ളത്. നിലവിൽ ആർ.സി.സിയിലാണ് ചികിത്സ.ഇത് ഒരുമാസം തുടരും.അതുകഴിഞ്ഞ് ഉടൻ ശസ്ത്രക്രിയ ചെയ്യണം.

വേദനിപ്പിച്ച രണ്ടാംവരവ്

ഏഴുവയസിലാണ് സഞ്ജയ്ക്ക് ആദ്യമായി രക്താർബുദം വരുന്നത്.രണ്ടുവർഷം മുൻപ് അത് ആർ.സി.സിയിൽ ചികിത്സിച്ച് ഭേദമാക്കി.എന്നാൽ, രണ്ടുമാസം മുൻപ് വീണ്ടും രോഗം പിടിമുറുക്കുകയായിരുന്നു. നല്ലൊരു ചിത്രകാരൻ കൂടിയാണ് സഞ്ജയ്. പെൻസിൽ കൊണ്ട് വീട്ടിലെ ചുമരിൽ വലിയ സ്വപ്നങ്ങളുടെ ചിത്രങ്ങൾ സഞ്ജയ് വരച്ചിടാറുണ്ട്. ഇളയ സഹോദരിക്ക് പതിനൊന്ന് വയസാണ്.അക്കൗണ്ട് വിവരങ്ങൾ ഫെഡറൽ ബാങ്ക്, ശ്രീകാര്യം ബ്രാഞ്ച്, അക്കൗണ്ട് നമ്പർ 22050100045789, ഐ.എഫ്.എസ്.സി കോ‌ഡ് : FDRL0002205, ഗൂഗിൾ പേ നമ്പർ: 9446057750, 7736019255