വെമ്പായം: സുലഭമായി വെള്ളം ലഭിച്ചിരുന്ന പ്രദേശത്തെ പല ജലശ്രോതസുകളും ഇന്ന് കാടുമൂടി ഉപയോഗശൂന്യമായ അവസ്ഥയിലാണ്. സുലഭമായി വെള്ളം ലഭിക്കുന്ന ജലസ്രോതസ്സുകളാണ് അധികാരികളുടെ അനാസ്ഥ കാരണം കാടുമുടി നശിക്കുന്നത്. പൊതു ജലസ്രോതസ്സുകൾ നവീകരിച്ച് സംരക്ഷിക്കാൻ പദ്ധതികൾ രൂപീകരിക്കുമെങ്കിലും അവയൊന്നും നടക്കാറില്ല. പ്രദേശത്തെ മിക്ക ജലസ്രോതസ്സുകളുടെയും അവസ്ഥ വളരെ പരിതാപകരമാണ്. മാലിന്യവും വള്ളിപ്പടർപ്പുകളും മൂടിയ ജലശ്രോദസുകൾ എത്രയുംവേഗം നന്നാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
തേക്കട കുതിരലാഞ്ചാൻ കുളം:
നൂറുവർഷത്തിന് മുകളിൽ പഴക്കമുള്ള തേക്കട കുതിരലാഞ്ചാൻ കുളം നവീകരിച്ചിട്ട് കാലമേറെയായി. കടുത്ത വേനലിലും സുലഭമായി വെള്ളം ലഭിക്കുന്ന കുളത്തിന് ചുറ്റും ഇപ്പോൾ കാടുമൂടി ഇഴജന്തുക്കളുടെ താവളമാണ്. കാൽ എക്കറോളം വിസ്തൃതിയുള്ള കുളത്തിന്റെ സംരക്ഷണ ചുമതല വെമ്പായം പഞ്ചായത്തിനാണ്. മുമ്പ് പ്രദേശവാസികളുടെ സഹകരണത്തോടെ പഞ്ചായത്ത് കുളം നവീകരിച്ച് മത്സ്യകൃഷി നടത്തിയിരുന്നു. ജലക്ഷാമം നേരിടുന്ന വെട്ടുപാറ ചീരാണിക്കര മേഖലകളുടെ താഴ്ഭാഗത്താണ് തേക്കട കുളം. വേനൽക്കാലത്ത് കുളം നവീകരിച്ചാൽ ഇവിടങ്ങളിലേക്ക് വെള്ളമെത്തിക്കാൻ സാധിക്കും.
കൂത്തപ്പുര ചിറ:
നെൽകൃഷിക്ക് പേരുകേട്ട സ്ഥലമായിരുന്നു വെമ്പായം പഞ്ചായത്തിലെ മണ്ഡപം പ്രദേശം. ഇവിടെ കൃഷിക്കും മറ്റു ജലസേചനങ്ങൾക്കുമായി വർഷങ്ങൾക്കു മുമ്പ് നിർമ്മിച്ച ജലസ്രോതസായിരുന്നു കൂത്തപ്പുര ചിറ. കൃഷി ആവശ്യങ്ങൾക്കും നീന്തൽ പരിശീലനത്തിനും ഒരുപോലെ ഉപയോഗിച്ചിരുന്ന കുളം ഇപ്പോൾ കാടുമൂടി. മുമ്പ് നൂറിനു മുകളിൽ കുട്ടികൾ ഇവിടെ നീന്തൽ പരിശീലിക്കാൻ എത്തിയിരുന്നു. കൂടാതെ കൃഷി ആവശ്യങ്ങൾക്കും പ്രദേശത്തെ കർഷകർ പ്രധാനമായി ആശ്രയിച്ചിരുന്നത് കൂത്തപ്പുര ചിറയെയാണ്.
വെമ്പായം തോട്:
ഉറവ വറ്റാത്ത വെമ്പായം തോട് ഇപ്പോൾ മാലിന്യവാഹിനിയായി. അറവ് മാലിന്യങ്ങളും പച്ചക്കറി അവശിഷ്ടങ്ങളും ഹോട്ടൽ അവശിഷ്ടങ്ങളും നിറഞ്ഞ അവസ്ഥയിലാണ് തോടിപ്പോൾ. പ്രദേശത്തെ ഹോട്ടലുകളിലെ മാലിന്യങ്ങൾ തോട്ടിലേക്ക് ഒഴുക്കിവിടുന്നതായും നാട്ടുകാർ ആരോപിക്കുന്നു.
നാശത്തിന്റെ വക്കിൽ
പൂവത്തൂർ ചിറ, കണക്കോട് നാരായണംകോണം ചിറ തുടങ്ങിയ ചിറകളും സംരക്ഷണമില്ലാതെ നാശത്തിന്റെ വക്കിലാണ്. എത്രയും പെട്ടെന്ന് പാർശ്വഭിത്തികൾ കെട്ടി ജലസ്രോതസ്സുകൾ സംരക്ഷിക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.