bneesh

ആറ്റിങ്ങൽ: അവശതയിലും പാര റൈഫിൾ ഷൂട്ടറായ ബിനീഷിന്റെ ആഗ്രഹം സ്വന്തമായൊരു തോക്കുവേണമെന്നാണ്. പാലക്കാട് കൊട്ടേക്കാട് കുന്നംക്കാട് സ്വദേശിയായ കെ.വി.ബിനീഷ് തോന്നയ്ക്കൽ സായിഗ്രാമിൽ ലിഫ്റ്റ് ഓപ്പറേറ്ററാണ്. അതിനടുത്തുതന്നെ താമസവും. ഒന്നര വയസിൽ പോളിയോ ബാധിച്ചു. 50 ശതമാനം അവശതയുണ്ട്. ഈ അവസ്ഥയിലും പാര ലിംപിക്‌സ് സ്‌പോട്‌സിൽ പാര റൈഫിൾ ഷൂട്ടർ എന്ന നിലയിൽ മികച്ച പ്രകടനം നടത്തുന്നയാളാണ് ബിനീഷ്. 2017മുതൽ 2024 വരെ നടന്ന വിവിധ കേരള ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പ് മത്സരങ്ങളിൽ കേരളത്തിൽ നിന്നും, നാഷണൽ മത്സരത്തിൽ നിന്നും സ്വർണ മെഡൽ നേടിയിട്ടുണ്ട്. 2024 പൂനയിൽ നടന്ന നാഷണൽ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പ് മത്സരത്തിൽ വിജയിച്ചിരുന്നു. ഇനിലക്ഷ്യം നാഷണൽ ട്രയൽസ് ആണ്. അതിൽ വിജയിച്ചാൽ ഇന്ത്യൻ ടീമിൽ അംഗമാകാം. അതിന് സ്വന്തമായൊരു തോക്ക്‌വേണം. തിരുവനന്തപുരത്തുള്ള നാഷണൽ ഷൂട്ടിംഗ് അക്കാഡമിയിലെ തോക്കാണ് ബിനീഷ് ഇതുവരെ ഉപയോഗിച്ചത്. സ്വന്തമായൊരു തോക്കുണ്ടെങ്കിൽ കൂടുതൽ പരിശീലനം നടത്താനാകും. ഭാര്യയും രണ്ടു കുട്ടികളുമുണ്ട്. ജോലിയിൽ നിന്നുള്ള വരുമാനമാണ് ആകെയുള്ളത്. പ്രായമായ അച്ഛനും അമ്മയും കൂലിപ്പണിചെയ്ത് കിട്ടുന്ന പണം ഉപയോഗിച്ചാണ് മത്സരങ്ങൾക്ക് അയയ്ക്കുന്നത്.