തിരുവനന്തപുരം: തദ്ദേശവോട്ടർപ്പട്ടികയിലെ ക്രമക്കേടുകളെ സംബന്ധിച്ച് തെളിവ് സഹിതം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർക്ക് പരാതി നൽകിയതായി ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം കുമ്മനം രാജശേഖരൻ അറിയിച്ചു.
പലവോട്ടർമാർക്ക് ഒരേ ഐഡന്റിറ്റികാർഡ് നമ്പറാണ് നൽകിയിരിക്കുന്നത്. ഓരോ വ്യക്തിയുടെയും ഐഡികാർഡ് നമ്പർ വ്യത്യസ്തമാണെന്നിരിക്കെ പല വോട്ടർമാർക്കും ഒരു ഐഡികാർഡിൽ പട്ടികയിൽ ഇടം ലഭിച്ചു എന്നത് ദുരൂഹമാണ്. വിശദമായ അന്വേഷണം വേണം. ഒരുവ്യക്തി ഒരു ഐഡികാർഡ് ഉപയോഗിച്ച് വിവിധ സ്ഥലങ്ങളിൽ വോട്ടർമാരായി ഉൾപ്പെട്ടിട്ടുണ്ട് ഇവരെയും ഒഴിവാക്കണം. ഇത്തരം ക്രമക്കേടുകൾക്ക് കാരണമായവരെ കണ്ടെത്തി അവർക്കെതിരെ നിയമ നടപടി സ്വീകിക്കണം- പരാതിയിൽ ആവശ്യപ്പെട്ടു. വിവിധ ജില്ലകൾ തിരിച്ചുള്ള കണക്കും അതിന്റെ രേഖകളും കമ്മിഷന് കൈമാറി. പരാതിയും രേഖകളും ബി.ജെ.പി സിറ്റി ജില്ലാ അദ്ധ്യക്ഷൻ കരമന ജയനും തിരഞ്ഞെടുപ്പ് കമ്മിഷന് നൽകി.